വി.ശ്രീകാന്ത്
തിരുവനന്തപുരം: തൊണ്ടിമുതലിന്റെ മറവിൽ രാമലീല ഇന്റർനെറ്റിൽ. തിയറ്ററുകളിൽ വിജയകുതിപ്പ് തുടരുന്ന ദിലീപ് ചിത്രം രാമലീലയുടെ തിയറ്റർ പ്രിന്റാണ് 21ന് രാത്രിയോട് കൂടി യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടത്.
രണ്ടു ദിവസം കൊണ്ട് 30000 പേർ കണ്ട ചിത്രം ഇന്ന് രാവിലെ നെറ്റിൽ നിന്ന് അപ്രത്യക്ഷമായി. കുറുക്കുവഴിയിലൂടെയാണ് ചിത്രം നെറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. രാമലീല എന്ന പേരിൽ യു ട്യൂബിൽ ചിത്രം അപ്ലോഡ് ചെയ്യാതെ തൊണ്ടി മുതലും ദൃക്സാക്ഷിയെയും കൂട്ടുപിടിച്ചാണ് രാമലീല നെറ്റിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്.
രാമലീലയെ നെറ്റിലെത്തിക്കാൻ തൊണ്ടിമുതലിന്റെ പോസ്റ്ററും പേരും കടമെടുത്തിട്ടുണ്ട്. സെപ്റ്റംബർ 28നാണ് ഏറെ പ്രതിസന്ധികൾക്ക് ശേഷം ദിലീപ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രം തിയറ്ററുകളിലെത്തി ഒരുമാസം പിന്നിടുന്നതിന് മുന്പാണ് ചിത്രം യു ട്യൂബിൽ എത്തിയിരിക്കുന്നത്. ചിത്രത്തിൽ തമിഴ് റോക്കേഴ്സ് എന്ന് മാർക്ക് ചെയ്തിട്ടുണ്ട്. സിനിമാ പൈറസിയിൽ കുടുങ്ങുന്ന അവസാനത്തെ ഇരയാണ് രാമലീല.