കൊച്ചി: വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് പലരില്‍ നിന്നായി പണം തട്ടിയ കേസില്‍ രണ്ടു പരാതികള്‍ കോടി എറണാകുളം സെന്‍ട്രല്‍ പോലീസിനു ലഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ രാമലിംഗ് (53), ഷണ്മുഖവേല് നമശിവായം (40) എന്നിവരെ കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
തങ്ങള്‍ തട്ടിപ്പിന് ഇരയായെന്ന് കാണിച്ച് എറണാകുളം സ്വദേശികളായ രണ്ടുപേരാണ് പരാതി നല്‍കിയിരിക്കുന്നത്.
സിബില്‍ സ്കോര്‍ ഇല്ലാതെ ലോണ്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
ഇതിനായി 2020 ജനുവരിയില്‍ എറണാകുളം എംജി റോഡില്‍ മണിമാക്സ് ഹോംഫിന്‍ എന്ന പേരില്‍ ഇവര്‍ സ്ഥാപനം തുടങ്ങി.
ലോണ്‍ തരപ്പെടുത്തി നല്‍കുന്നതിന് 10 ശതമാനം കമ്മീഷന് അഡ്വാന്‍സായി ഇവര്‍ വാങ്ങും. അഞ്ചു മാസം കൊണ്ട് വായ്പ വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
ഇങ്ങനെ കോടികള്‍ കൈയില്‍ എത്തിയതോടെ പ്രതികള്‍ മുങ്ങി. ഇതോടെ പലരും പരാതി നല്‍കിത്തുടങ്ങി.
തമിഴ് നാട്ടില്‍ നിന്നെത്തിയ പ്രതികള്‍ ചേരാനല്ലൂരില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു താമസം. ഈ വിലാസത്തില്‍ ആധാര്‍ കാര്‍ഡും സംഘടിപ്പിച്ചു.
പിന്നീട് മറ്റ് ഇടപാടുകള്‍ നടത്തിയത് ഈ ആധാര്‍ കാര്‍ഡിലെ വിലാസത്തിലായിരുന്നു. അതുകൊണ്ടുതന്നെ പ്രതികളുടെ യഥാര്‍ഥ മേല്‍വിലാസം കണ്ടെത്താന്‍ പോലീസ് ബുദ്ധിമുട്ടി.
ഓഫീസിലേക്ക് ആവശ്യമുള്ള വസ്തുക്കളെല്ലാം വാടകയ്ക്കായിരുന്നു എടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പുതുക്കോട്ടയിലുണ്ടെന്ന് തിരിച്ചറിഞ്ഞു.
അങ്ങനെയാണ് പ്രതികള്‍ പിടിയിലായത്. ഇവരെ സഹായിച്ചവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി എറണാകുളം സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍ പറഞ്ഞു.
അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കര്‍, എസ്ഐ പ്രേംകുമാര്‍, എഎസ്ഐ ഇ.എം. ഷാജി, സീനിയര്‍ സിപിഒ അനീഷ്, സിപിഒ മാരായ ഇഗ്നേഷ്യസ് റെജി, രാജേഷ് എന്നിവര്‍ ഉണ്ടായിരുന്നു.