മുളങ്കുന്നത്തുകാവ്: വാക്കുതർക്കത്തിനിടെ ഭാര്യാപിതാവ് കൊല്ലപ്പെട്ടു. മരുമകൻ ഒളിവിൽ. പേരമംഗലം ചിറ്റിലപ്പിള്ളി വ്യാസപീഠം പന്നിയൂർ വീട്ടിൽ രാമു എന്ന രാമൻ(70) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ മരുമകൻ അവണൂർ പണിക്കപ്പറന്പിൽ സുനിൽകുമാർ എന്ന സുനിലിന് (38) വേണ്ടി പോലീസ് അന്വേഷണം ഉൗർജിതം. വീണു പരിക്കേറ്റെന്ന് പറഞ്ഞ് വീട്ടുകാർ ആശുപത്രിയിലെത്തിച്ച രാമന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയതോടെയാണ് സംഭവം അപകടമല്ല കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഇന്നലെ രാത്രി പതിനൊന്നോടെ ചിറ്റിലപ്പിള്ളിയിലെ വീടിനു സമീപത്തുള്ള റോഡിൽ വച്ചാണ് സംഭവം. രാമന്റെ ശരീരത്തിൽ വണ്ടി ഇടിച്ച പാടുണ്ട്. ഇത് സുനിൽകുമാർ ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഇടിച്ചാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ദൃക്സാക്ഷികളൊന്നും ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുനിൽകുമാർ ഇന്നലെ രാത്രി വീട്ടിലെത്തുന്പോൾ രാമൻ സുനിലിന്റെ ഭാര്യയേയും ഭാര്യാമാതാവിനേയും മർദ്ദിക്കുന്നത് കണ്ടു.
സുനിൽ ഇത് ചോദ്യം ചെയ്യുകയും തുടർന്ന് തർക്കമുണ്ടാവുകയും ചെയ്തു. വാക്കുതർക്കത്തിനൊടുവിൽ സുനിൽ ഓട്ടോയെടുത്ത് പോകുന്പോൾ രാമൻ ഓട്ടോറിക്ഷയിൽ അടിക്കുകയായിരുന്നുവെന്നും പറയുന്നു. ഇതെത്തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് രാമനെ ഇടിച്ചുവെന്നാണ് സംശയം. എന്നാൽ ഇത് സ്ഥിരീകരിക്കണമെങ്കിൽ വിശദമായ അന്വേഷണം ആവശ്യമാണ്. പോസ്റ്റുമോർട്ടത്തിന് ശേഷമെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കൂ. പേരാമംഗലം സിഐ രാജേഷ് മേനോന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ നാടുവിട്ടുപോയ രാമൻ കുറച്ചുകാലം മുൻപാണ് വീട്ടിൽ മടങ്ങിയെത്തിയത്. വീട്ടിൽ വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് രാമനെ ബന്ധുക്കൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷമാണ് രാമൻ മരിച്ചത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ രാമന്റെ ശരീരത്തിൽ പരിക്കുകളുടെ പാടുകൾ കണ്ടെത്തുകയായിരുന്നു.