പഴയ കോഴിക്കോട്ടുക്കാരുടെ ഓർമ്മയിൽ സുപരിചനായിരുന്ന പുതിയറവാസിയായിരുന്ന രാമൻകല്യാണിയുടെ കഥ ഷോർട്ട് ഫിലിമായിരിക്കുന്നു.
തളി പരിസരത്തും പാളയം പച്ചക്കറി മാർക്കറ്റിലും ഉള്ളവരുടെ ഓരോ ദിവസത്തെ ഓർമയിലും രാമൻകല്യാണി ഉണ്ടാകും. അ ക്കാലത്തെ കുട്ടികളുടെ ഓർമകളിലും രാമന്റെ കുസൃതിയും നേരംപോക്കും മായാതെ ഉണ്ടായിരുന്നിരിക്കാം.
ജന്മവൈകല്യം ഒന്നുകൊണ്ടുമാത്രം തന്റെ അവസ്ഥയിൽ ഉരുകിക്കഴിഞ്ഞിരുന്ന രാമൻ ഇരുട്ടിന്റെ മറപറ്റി തന്റെ ദിനചര്യകൾ തുടർന്നുകൊണ്ടേ ഇരുന്നു. മഞ്ഞിൻകണം പോലെ തെളിഞ്ഞ മനസുമായി നടന്നിരുന്ന രാമനെ പലരും വേട്ടയാടുമായിരുന്നു.
1993 കാലഘട്ടം വരെ ജീവിച്ചിരുന്ന രാമൻകല്യാണിയുടെ കഥ എന്റെ മനസിനെ വല്ലാതെ നൊന്പരപ്പെടുത്തിയിരുന്നു എന്ന് തിരക്കഥാകാരനായ പ്രേംരാജ് സി.പി. അന്നശ്ശേരി പറയുന്നു.
ചാലപ്പുറത്തുനിന്നു നടന്ന് തളിക്ഷേത്രം വഴി ബസ് സ്റ്റാൻഡിലേക്ക് പോകുന്പോൾ പല സമയത്തും രാമൻ കല്യാണി എന്റെ മനസിൽ ഇടം പിടിച്ചിരുന്നു.
ആ പഴയ ഓർമയാണ് രാമൻ കല്യാണിയുടെ കഥ ഒരു ഷോർട്ട് ഫിലിമാക്കാൻ എന്നെ പ്രേരിപ്പിച്ചത് – പ്രേംരാജ് പറയുന്നു. അനുഗൃഹീതകലാകാരനായ സതീഷ്അന്പാടി തികച്ചും സ്വഭാവികമായി രാമൻകല്യാണിയെ ഈ ഷോർട്ട് ഫിലിമിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
രാമൻ കല്യാണിയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർഥിച്ചുകൊണ്ട് ഞങ്ങൾ പ്രേക്ഷകർക്ക് മുൻപിൽ രാമൻകല്യാണിയെ സമർപ്പിക്കുന്നു എന്ന് സംവിധായകൻ ടി. സജികുമാർ പറയുന്നു.
വിമലാ പ്രേംരാജ്, ദേവപ്രയാഗ് അന്നപൂർണ്ണ വിനായക് എന്നിവർ ചേർന്നാണ് രാമൻ കല്യാണി നിർമ്മിച്ചിരിക്കുന്നത്. വിനായകൻ ഫിലിംസ് കോഴിക്കോടാണ് അവതരണം. കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം, കല, ഛായാഗ്രഹണം എന്നിവ പ്രേംരാജ് ടി.പി. അന്നശേരി നിർവഹിച്ചു.
ടി. സജികുമാറാണ് സംവിധാനം. ഗാനാലാപനം പാർവ്വതി അനീഷ്.സതീഷ് അന്പാടി, പ്രേംരാജ്, ബിന്ധു ബാല വടകര, മാളു കോഴിക്കോട്, ലളിത, പുഷ്പ, മിനി വിനീത, അനശ്വർ പി., അനുഷ്ക പി., ജയശ്രീ പ്രയേഷ്, ദേവ് ജി പനങ്ങാട്, വാസു ഗുരുക്കൾ, സുഷാന്ത്, ആദിത്യ സുമേഷ്, രജില സതീഷ്, മോഹനൻ ഗുരുക്കൾ തുടങ്ങിയവരാണ് അഭിനേതാക്കൾ.
മേക്കപ്പ് രാജൻ, റീറെക്കോഡിംഗ് സുനിൽ, പ്രേംരാജ്, വസ്ത്രാലങ്കാരം രമ്യശ്രീ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ദാമോദരൻ തേജസ്.
-ദേവസിക്കുട്ടി