കെ.ഷിന്റുലാല്‍
കോഴിക്കോട്: രാമനാട്ടുകരയിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിക്കും.
കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാറിന്റെ നിര്‍ദേശാനുസരണം കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
സ്വര്‍ണക്കടത്തിനും കവര്ച്ചശ്രമത്തിനും നിരവധി സംഘങ്ങള്‍ ഉള്‍പ്പെട്ടുവെന്ന വിവരത്തെ തുടര്‍ന്നാണ് ഇക്കാര്യം വിശദമായി അന്വേഷിക്കുന്നതിന് കസ്റ്റംസിന്റെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്.
ഇന്നലെ മുതല്‍ സംഘാംഗങ്ങള്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഫറോക്ക് സ്റ്റേഷനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കൂടാതെ അപകടം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും വിശദമായ അന്വേഷണം നടത്തി.
അയല്‍വാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അപകടമുണ്ടായ സ്ഥലത്ത് നിന്ന് ഏതെങ്കിലും പെട്ടി കണ്ടിരുന്നതായും അന്വേഷിച്ചിരുന്നു.
എന്നാല്‍ പ്രദേശവാസികളില്‍ നിന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങളൊന്നും കസ്റ്റംസിന് ലഭിച്ചിട്ടില്ല.അതേസമയം കരിപ്പൂര്‍ വിമാനതാവളം വഴി കൂടുതല്‍ സ്വര്‍ണം എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.
2.33 കിലോഗ്രാം സ്വര്‍ണം തിങ്കളാഴ്ച പുലര്‍ച്ചെ എയര്‍കസ്റ്റംസ് പിടികൂടിയിരുന്നു. മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഇയാള്‍ക്ക് പുറമേ മറ്റൊരു യാത്രക്കാരന് കൂടി കൂടുതല്‍ അളവ് സ്വര്‍ണം കൊണ്ടുവന്നിരിക്കാനുള്ള സാധ്യതയേറെയാണ്. ഷഫീഖിനോട് മറ്റു യാത്രക്കാരനെ കുറിച്ച് ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി.
കാരിയറായ ഷഫീഖ് കൊണ്ടുവരുന്ന 2.33 കിലോഗ്രാം സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ മാത്രം ചെറുപ്പളശേരിയില് നിന്നുള്ള 15 അംഗസംഘത്തിന് ക്വട്ടേഷന്‍ കൊടുക്കില്ലെന്നാണ് കസ്റ്റംസ് പറയുന്നത്.
സാധാരണ കാവിയര്‍ കൊണ്ടുവരുന്ന അളവില്‍ തന്നെയാണ് ഷഫീഖും സ്വര്‍ണം എത്തിച്ചത്. എന്നാല്‍ ഇത് തട്ടിയെടുക്കാന്‍ 15 പേരുടെ ആവശ്യമില്ല.
അതേസമയം അതേ വിമാനത്തിലോ അതിനുമുമ്പോ ശേഷമോ എത്തിയ വിമാനത്തിലോ കൂടുതല്‍ അളവ് സ്വര്‍ണം കൊണ്ടുവരുന്നുണ്ടെന്ന വിവരം ചെറുപ്പളശേരി സംഘത്തിന് ലഭിച്ചിരിക്കുമെന്നും അതിനാലാണ് 15 അംഗസംഘം എത്തിയതെന്നുമാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.
ഷഫീഖ് എത്തിയ വിമാനത്തിലെ മറ്റു യാത്രക്കാരുടെ വിവരങ്ങളും കസ്റ്റംസ് ശേഖരിക്കുന്നുണ്ട്.കസ്റ്റംസിന് പുറമേ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി) എന്നിവരും പ്രാഥമികാന്വേഷണം നടത്തുന്നുണ്ട് .
സ്വര്‍ണം കൊണ്ടുവന്ന വിവരം പുറത്തായതിനെ കുറിച്ചും ഏതെല്ലാം സംഘങ്ങളാണ് ഇതിന് പിന്നിലുള്ളതെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ചെറുപ്പളശേരി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്നതും സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് വരുന്നതെന്നതും വിശദമായി പരിശോധിക്കുന്നുണ്ട്. ഇതിനു പുറമേ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
പാലക്കാട് സ്വദേശികളായ സുഹൈല്‍ (24), ഫസല്‍ (24), മുസ്തഫ(26), ഷാഹിദ് (32), ഹസന് (35), മുഹമ്മദ് ഫയാസ് (29), സലീം (29), മുബഷീര്‍ (26) എന്നിവരായിരുന്നു അകമ്പടി വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരേ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.