കോഴിക്കോട്: രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നു.
കരിപ്പൂര്‍ വിമാനതാവളത്തിലെത്താൻ പാലക്കാട് നിന്നെത്തിയവര്‍ രാമനാട്ടുകര ഭാഗത്ത് എന്തിനാണ് എത്തിയതെന്നും ഇവര്‍ക്കൊപ്പം മറ്റു വാഹനങ്ങളിലുള്ളവര്‍ എന്തിനാണ് എത്തിയതെന്നുമാണ് അന്വേഷിക്കുന്നത്.
സുഹൃത്തിനെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോവാനാണ് പാലക്കാട് നിന്നും സംഘം എത്തിയതെന്നാണ് പറയുന്നത്. എന്നാല്‍ ഈ വാഹനത്തിന് മുന്നിലും പിന്നിലുമായി സഞ്ചരിച്ച മറ്റു വാഹത്തിലുള്ളവരുടെ ലക്ഷ്യമെന്തായിരുന്നുവെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതില്‍ ഒരു ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലെ യാത്രക്കാരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചത്. സ്വര്‍ണക്കടത്തുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധം ഇവര്ക്കാര്ക്കെങ്കിലുമുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.
വെള്ളംവാങ്ങാനായാണ് ബൊലേറോ ജീപ്പിലുള്ളവര്‍ രാമനാട്ടുകരയിലേക്ക് പോയതെന്നാണ് മറ്റു വാഹനത്തിലുള്ളവര്‍ പറയുന്നത്. എന്നാല്‍ വിമാനതാവളത്തിന്റെ പരിസരത്തുള്ള കടകളിലെല്ലാം വെള്ളം വില്പ്പനക്കായുണ്ട്.
ഇക്കാരണത്താല്‍ മാത്രം രാമനാട്ടുകരയിലേക്ക് തിരിച്ചതില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൂടാതെ ബൊലേറോ വാഹനത്തിലുള്ളവരുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ഇവരോടൊപ്പം സഞ്ചരിച്ചതായി പറയുന്ന വാഹനത്തിലുള്ളവര്ക്കറിയില്ല.
പാലക്കാട് നിന്നുള്ള യാത്രയെ കുറിച്ചുള്ള വിവരങ്ങളും എയര്‍പോര്‍ട്ടില്‍ നിന്ന് രാമനാട്ടുകരയിലേക്കുള്ള യാത്രസംബന്ധിച്ച വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
റോഡരികിലെ ഷോപ്പുകളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കും. കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യുന്ന സംഭവം നേരത്തെ ഉണ്ടായിട്ടുണ്ട്.
കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കൊണ്ടുപോവുന്ന വാഹനത്തെ പിന്തുടര്ന്നും മറ്റുമാണ് പലപ്പോഴും കവര്‍ച്ച നടക്കുന്നത്. സമാനമായ രീതിയിലുള്ള കവര്‍ച്ചാശ്രമം അപകടത്തിന് പിന്നിലുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
സംഭവത്തില്‍ ഫറോക്ക് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.