കൊല്ലങ്കോട്: ടൗണിൽ വഴി തെറ്റി വന്ന വാനരൻ നാട്ടുകാരുടെ പ്രിയതോഴനായി. കൊല്ലങ്കോട് പുലിക്കോട് അയ്യപ്പ ക്ഷേത്രത്തിനു സമീപത്തെ ചായക്കടയിലേക്ക് ഭക്ഷണം തേടിയാണ് കുരങ്ങൻ ആറു മാസം മുന്പ് എത്തിയത്.
ആദ്യദിവസങ്ങളിൽ കൃഷ്ണകുമാർ നൽകുന്ന ഭക്ഷണം വാങ്ങാൻ ഭയപ്പാടു കാണിച്ചിരുന്നു.
ഒരാഴ്ച കഴിഞ്ഞതോടെ കുരങ്ങൾ നേരിട്ടു കൃഷ്ണകുമാറിന്റെ കയ്യിൽ നിന്നും ഉഴുന്നുവട, പഴംപൊരി ഉൾപ്പെടെ വാങ്ങി തുടങ്ങി. പിന്നീട് ചായക്കടയിലെത്തുന്നവരോടും കുരങ്ങൻ ഇണങ്ങിതുടങ്ങി.
പിന്നീട് കടയിലെത്തുന്നവർക്ക് കുരങ്ങൻ സ്ഥിരം പരിചയക്കാരനുമായി. കഴിഞ്ഞ ആറുമാസത്തിനിടെ വാനരൻ ആരേയും ഉപദ്രവിച്ചിട്ടില്ല.
രാമൻ എന്നാണ് ഈ ക്ഷണിക്കപ്പെടാതെത്തിയ അതിഥിക്കു പേരിട്ടിരിക്കുന്നത്. കാലത്ത് ഏഴു മണിക്കാണ് കട തുറക്കുന്നത് .
ഇതിനു മുൻപ് തന്നെ രാമൻ കടയ്ക്ക് മുകളിൽ എത്തിയിരിക്കും. ഇടയ്ക്കിടെ സമീപത്തെ മരത്തിൽ കയറി വിശ്രമിക്കുകയും പിന്നീട് വീണ്ടും ഇറങ്ങി വരുകയും ചെയ്യും.
തെരുവിലിറങ്ങാതിരിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നുമില്ല. ഇടയ്ക്കിടെ ഇരുചക്രവാഹനങ്ങളിൽ കയറിയിരിക്കാറുണ്ടെങ്കിലും ഒന്നും കേടുവരുത്താറില്ലാത്തതിനാൽ വാനരൻ ഇപ്പോൾ നാട്ടുകാരുടെ സൗഹൃദതാരപരിവേഷത്തിലാണ് കഴിയുന്നത്.