രാമങ്കരി: ചെറിയ പൈപ്പുകൾ കോർത്തിണക്കി നൂൽപ്പാലം കണക്കെ ചക്കുളത്ത്മുട്ട് തോടിന് കുറുകെ തീർത്ത താത്കാലിക പാലം നാട്ടുകാർക്ക് പേടിസ്വപ്നമായി മാറിയിട്ട് വർഷങ്ങൾ.രാമങ്കരി പഞ്ചായത്ത് പതിമൂന്നാം വാർഡ് പള്ളിക്കുട്ടുമ്മ, ചന്പക്കുളം പഞ്ചായത്ത് ഒന്നാംങ്കര പ്രദേശങ്ങളെ തമ്മിൽ വേർതിരിക്കുന്ന ചക്കുളത്ത് മുട്ട് എന്ന് അറിയപ്പെടുന്ന തോടിന് കുറുകെ നാട്ടുകാരുടെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുന്പ് സ്ഥാപിച്ചതാണി പാലം.
പിണ്ടി ചങ്ങാടങ്ങളുടേയും കൊച്ചുവള്ളങ്ങളുടേയും കാലം കഴിഞ്ഞതോടെ തോടിന് അക്കരയിക്കര കടക്കാൻ നിർവാഹമില്ലാതെ വന്നപ്പോൾ നാട്ടുകാർ മുൻകൈയെടുത്ത് ഒരു താത്കാലിക സംവിധാനം എന്ന നിലയിൽ ആയിരുന്നു ഇതിന്റെ പണി. ഇതിന് വർഷങ്ങളുടെ പഴക്കം വരും.
കാൽ ഒന്ന് തെറ്റിയാൽ ഏത് സമയവും ആളുകൾ തോട്ടിൽ വീഴാം. അത്രയ്ക്ക് നേരിയതും വീതികുറഞ്ഞ രണ്ടുമൂന്ന് പൈപ്പുകൾ കോർത്ത് ഇണക്കിയമുണ്ടാക്കിയിട്ടുള്ള ഈ പാലം. അതിനാൽ കൊച്ചുകുഞ്ഞുങ്ങൾ മുതൽ പ്രായമേറിയവർക്ക് വരെ അക്കരയിക്കര കടക്കണമെങ്കിൽ മറ്റുള്ളവരുടെ ആശ്രയം കൂടിയേ കഴിയു.
ഇത് വൻ ബുദ്ധിമുട്ടായ് മാറിയതോടെ തങ്ങളുടെ സൗകര്യാർഥം ഇവിടെ നല്ലൊര് പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പല തവണ അധികൃതരെ സമീപിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് മുതൽ ജില്ലാ പഞ്ചായത്ത് വരെയും പിന്നീട് എംഎൽഎയും ഇവർ പലവട്ടം സമീപിച്ചതായാണ് വിവരം.
പക്ഷേ ഫലം നിരാശ മാത്രമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തെരഞ്ഞെടുപ്പ് ഘട്ടമെത്തുന്പോഴക്കെ പാലം നിർമാണം ഉടനെ തുടങ്ങുമെന്ന കിംവദന്തി പ്രചരിക്കാറുണ്ടെങ്കിലും പിന്നീട് അതും കെട്ടടങ്ങാറാണ് പതിവ്. ഇത് കേട്ട് മടുത്തു തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞതായും ഇവർ പറയുന്നു. അടുത്തിടെ പാലം പണിക്ക് ലക്ഷക്കണക്കിന് രൂപ അനുവദിച്ചതായി പ്രഖ്യാപനങ്ങൾ വന്നിരുന്നു. എന്നാൽ ഉടനെ പണി ആരംഭിക്കുന്ന യാതൊരു ലക്ഷണവും കാണുന്നില്ലെന്നും ഇവർ പറഞ്ഞു.
പാലത്തിന് പുറമെ നല്ലൊരു നടപ്പാതപോലും ഇവിടെ ഇല്ലെന്നത് നാട്ടുകാരെ ഇതിലേറെ ബുദ്ധിമുട്ടിക്കുകയാണ്. നേരിയ വീതിയിൽ ആകെയുള്ളൊരു നടപ്പാത ചെളിക്കുണ്ടായി മാറിയിട്ട് കാല് കുത്താൻ പോലും പറ്റാത്ത സ്ഥിതിയിലാണ്.