മങ്കൊമ്പ്: രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാർ, വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ് എന്നിവർക്കെതിരേ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. യുഡിഎഫിന്റെ നാലംഗങ്ങൾക്കൊപ്പം, സിപിഎമ്മിന്റെ മൂന്നംഗങ്ങളും ചേർന്നാണ് നോട്ടീസ് നൽകിയത്.
ആർ. രാജുമോൻ, ഡെന്നി സേവ്യർ, സോളി ആന്റണി, ഷീന റെജപ്പൻ എന്നീ യുഡിഎഫ് അംഗങ്ങൾക്കു പുറമെ സിപിഎമ്മിലെ കെ.പി. അജയഘോഷ്, സൂര്യ ജിജിമോൻ, ബിൻസ് ജോസഫ് എന്നിവരുമാണ് നോട്ടീസിൽ ഒപ്പിട്ടത്. വെളിയനാട് ബ്ലോക്കുപഞ്ചായത്ത് സെക്രട്ടറി ബിൻസി വർഗീസിനാണ് നോട്ടീസ് നൽകിയത്. സിപിഎമ്മിലെ വിഭാഗീയതയെത്തുടർന്ന് കഴിഞ്ഞവർഷം നിരവധി പ്രവർത്തകർ സിപിഎം വിട്ടു സിപിഐയിൽ ചേർന്നിരുന്നു. ഇക്കൂട്ടത്തിൽ പാർട്ടി വിട്ടവരിൽ ഏറ്റവും പ്രമുഖനായിരുന്നു രാജേന്ദ്രകുമാർ.
കുട്ടനാട്ടിലെ സിപിഎമ്മിന്റെ കരുത്തനായ നേതാവും രാമങ്കരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന രാജേന്ദ്രകുമാറിനൊപ്പം ഭരണസമിതിയിലെ നാല് അംഗങ്ങളും പാർട്ടിവിട്ടിരുന്നു. ഇതോടെ ഒൻപതംഗങ്ങളുണ്ടായിരുന്ന സിപിഎമ്മിന് പഞ്ചായത്തിന്റെ ഭരണവും നഷ്ടമായിരുന്നു. അവശേഷിക്കുന്ന സിപിഎം അംഗങ്ങളിൽ മൂന്നുപേരാണ് ഇപ്പോൾ കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ചേർന്നത്. ഇതോടെ രാമങ്കരി പഞ്ചായത്തിലെ എൽഡിഎഫ് ഭരണത്തിനു ഭീഷണിയായിരിക്കുകയാണ്.
അവശേഷിക്കുന്ന കാലയളവിൽ യുഡിഎഫ് ഭരണത്തിലേറാനുള്ള സാധ്യതയും ഇതോടെ തെളിഞ്ഞിരിക്കുകയാണ്.രാമങ്കരി പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനും കൊടുകാര്യസ്ഥതയ്ക്കുമെതിരേയാണ് അവിശ്വാസ പ്രമേയത്തിനു തയാറായതെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.രാമങ്കരി പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുനീക്കി രണ്ടു വർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്.
വിഭാഗീയതയെത്തുടർന്ന് ഒരുകൂട്ടം പ്രവർത്തകർ സിപിഎം വിട്ടതിന്റെ പകവീട്ടലാണ് നടപടിയെന്നു സിപിഐ കരുതുന്നു. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നണിയിലുണ്ടായിരുന്ന പടലപിണക്കങ്ങൾ നടപടിക്കു ആക്കം കൂട്ടിയതായും പറയപ്പെടുന്നു.
മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥിയാണ് മൽസര രംഗത്തുണ്ടായിരുന്നത്. യുഡിഎഫ് നേതാക്കളായ അഡ്വ. ജേക്കബ് ഏബ്രഹാം, ജോസഫ് ചേക്കോടൻ, സജി ജോസഫ്, സി.വി. രാജീവ് എന്നിവരും അവിശ്വാസ നോട്ടീസ് നൽകാനെത്തിയിരുന്നു.