കൊരട്ടി: മനസിൽ കനിവ് സൂക്ഷിക്കുന്നവർ കാണണം ഈ വന്ദ്യവയോധികന്റെ ദുര്യോഗം. വാർധക്യത്തിൽ പിതാവിന് തണലാകാത്ത അഞ്ചു മക്കളുടെ കനിവില്ലായ്മയെയും കാണാതെ പോകരുത്. കൊരട്ടി നാലുകെട്ട് ആതപ്പിള്ളി രാമൻനായരാണ് അവസാനക്കാലത്ത് അരക്ഷിതാവസ്ഥയിൽ പെട്ട് വലയുന്ന ആ ഹതഭാഗ്യൻ. മക്കൾ പ്രായപൂർത്തിയായാൽ വാർധക്യത്തിൽ തങ്ങളെ സംരക്ഷിക്കുമെന്നും നിസഹായാവസ്ഥയിൽ ശുശ്രൂഷിക്കുമെന്നും കരുതിയ ഈ പിതാവിനാണ് തെറ്റിയത്.
ദിവസങ്ങളായി വീട്ടിൽ കിടന്ന കട്ടിലിൽ മലവും മൂത്രവും ആയി അബോധാവസ്ഥയിൽ ഈ കാരണവർ കിടക്കുന്നുവെന്നറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് സ്ഥലത്തെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും സഹായത്തിനെത്തി.
പാലിയേറ്റീവ് കെയറിന്റെ അവശ്യം വേണ്ട പ്രാഥമിക ശ്രുശ്രൂഷകൾക്ക് ശേഷം പോലീസിന്റെയും ജില്ലാപഞ്ചായത്ത് അംഗത്തിന്റെയും സഹായത്തോടെ ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡിഎം.ഒയുടെ നിർദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
പരിശോധനയിൽ രാമൻനായരുടെ രക്തസമ്മർദവും മറ്റും കൂടുതലായതിനാൽ സ്കാൻ അടക്കമുള്ള വിദഗ്ദ ചികിത്സക്ക് അടുത്ത ബന്ധുക്കളുടെ അനുവാദം വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇയാളുടെ അഞ്ചുമക്കളിൽ ഒരാൾ ഭിന്നശേഷിക്കാരനാണ്. രാമൻനായർക്ക് കൂട്ടിന് വീട്ടിൽ ഇയാൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇയാൾ വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളുവത്രേ. അയൽപക്കക്കാരാണ് ഭക്ഷണവും മറ്റും നൽകിയിരുന്നത്.
പരസഹായമില്ലാതെ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത നിലയിലായ അച്ചന്റെ നില മക്കളെ അറിയിച്ചെങ്കിലും സംരക്ഷണം ഏറ്റെടുക്കാൻ മക്കൾ ഇതുവരെ തയ്യാറായിട്ടില്ല. നല്ലനിലയിൽ പരിസരപ്രദേശങ്ങളിൽ തന്നെ താമസിക്കുന്ന മക്കളെ കൊരട്ടി എസ്ഐ രാമചന്ദ്രബോസിന്റെ നേതൃത്വത്തിൽ നേരിൽ കണ്ട് വിവരങ്ങൾ അറിയിച്ചെങ്കിലും ആരും ഇതുവരെ എത്താൻ സന്നദ്ധരായിട്ടില്ല.
അച്ചന് മതിയായ സംരക്ഷണം നൽകാൻ കൂട്ടാക്കാത്ത മക്കൾക്കെതിരെ 2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് നിലനിൽക്കുന്ന നിയമത്തിലെ 24-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് ആർഡിഒയും അന്വേഷണം നടത്തിയിട്ടുണ്ട്.