രാമപുരം: രാമപുരം പഞ്ചായത്ത് ഏഴാം വാര്‍ഡായ ഏഴാച്ചേരി ജി.വി. സ്കൂള്‍ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു മിന്നും ജയം. യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ടി. ആര്. രചിത 235 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. രജിതയ്ക്ക് 581 വോട്ടുകള്‍ ലഭിച്ചു.
ബിജെപി സ്ഥാനാര്‍ഥി കെ.ആര്. അശ്വതി 346 വോട്ടു നേടി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മോളി ജോഷി 335 വോട്ടോടെ മൂന്നാം സ്ഥാനത്തായി.
1262 വോട്ടാണ് ആകെ പോള്‍ ചെയ്തത്. കൂറു മാറിയതിനെത്തുടര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിന്റെ ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യയായി പ്രഖ്യാപിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോട്ടയം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏക സ്ഥലമായതിനാല്‍ മൂന്നു മുന്നണികളും വാശിയേറിയ പ്രചാരണമാണ് നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇവര്‍ മുന്നണിയിലെ ധാരണ പ്രകാരം സ്ഥാനം രാജി വയ്ക്കുകയും എന്നാല്‍ ഇടതുമുന്നണിയില്‍ ചേക്കേറുകയും വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുഡിഎഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷൈനിയെ അയോഗ്യയായി പ്രഖ്യാപിച്ചത്.
രാമപുരത്ത് നിലവില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഏഴു വീതവും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. ഷൈനി സന്തോഷിന് പിന്തുണ നല്‍കിയാണ് ഒരു വര്‍ഷത്തോളം ഇടതുപക്ഷം പഞ്ചായത്ത് ഭരണം പിടിച്ചത്. ഷൈനിയെ അയോഗ്യയായി പ്രഖ്യാപിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചു.