തൃശൂർ: വെള്ളത്തിൽ ക്വാളിഫോം ബാക്ടീരിയ കലർന്നതിനെ തുടർന്ന് രാമവർമപുരം കേരള പോലീസ് അക്കാദമിയിലുണ്ടായ ജലജന്യരോഗങ്ങൾ പെട്ടന്ന് നിയന്ത്രിക്കാനാവില്ല. ഭക്ഷ്യവിഷബാധ പോലുള്ള ശാരീരിക അസ്വസ്ഥതകൾ തുടരുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇനിയും ഇത്തരം കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടാനുള്ള സാഹചര്യമാണ് ഇപ്പോൾ പോലീസ് അക്കാമിയിലുള്ളതത്രെ.
ജലസ്രോതസുകൾക്ക് വെറും പതിനഞ്ചു മീറ്റർ ചുറ്റളവിലാണ് സെപ്റ്റിക് ടാങ്കുകൾ ഉള്ളത്. ഇതിൽ നിന്നും മനുഷ്യവിസർജ്യം വെള്ളത്തിൽ കലർന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. സെപ്റ്റിക് ടാങ്കുകളുടെ സ്ഥിതിയും അതീവ ശോചനീയമാണ്. ടാങ്കുകളുടെ കുഴലുകളും പൈപ്പുകളും ജലസ്രോതസുകൾക്കരികിൽ നിന്നും മാറ്റി ദൂരെയെവിടേക്കെങ്കിലും തിരിച്ചുവിടണമെന്ന് ആരോഗ്യവകുപ്പ് പോലീസ് അക്കാദമി അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ പണ്ടു നിർമിച്ച ടാങ്കുകളുടെ സ്കെച്ചോ ഡ്രോയിംഗുകളോ ലഭ്യമല്ലാത്തതുകൊണ്ട് സെപ്റ്റിക് ടാങ്കുകളുടേയും പൈപ്പുകളുടേയും ഘടനയും അവ എങ്ങിനെയാണ് കിടക്കുന്നതെന്നും വ്യക്തമല്ല. അതുകൊണ്ടുതന്നെ ഇവ നന്നാക്കുകയെന്നത് മാസങ്ങളെടുക്കുന്ന പ്രക്രിയയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കുറച്ചുകാലത്തേക്ക് പോലീസ് അക്കാദമി അടച്ചിട്ട് സെപ്റ്റിക് ടാങ്കുകൾ നന്നാക്കുന്ന പണികൾ വേഗം പൂർത്തിയാക്കണമെന്ന നിർദ്ദേശവും പലഭാഗത്തു നിന്നും ഉയർന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ എത്രയും വേഗം നടപ്പിലാക്കാമെന്ന നിലപാടാണ് അക്കാദമി അധികൃതർ കൈക്കൊണ്ടിട്ടുള്ളത്. കേരളത്തിലെ പോലീസ് സേനയെ പരിശീലിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട സ്ഥലമെന്ന നിലയ്ക്ക് അക്കാദമിയിലെ ഇത്തരം പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാനാണ് മുകളിൽ നിന്നുള്ള തീരുമാനം.
കുളിക്കുന്നതിനും പാത്രം കഴുകുന്നതിനുമടക്കമുള്ള വെള്ളം ട്രീറ്റ്മെന്റ് പ്ലാന്റ് വഴി ശുദ്ധീകരിച്ചതിന് ശേഷം മാത്രം ഉപയോഗിച്ചാൽ മതിയെന്ന നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ആവശ്യമായി വരുന്ന ഇവിടെ വൻതോതിൽ ക്ലോറിനേഷനും ആവശ്യമായുണ്ട്.
സെൻ്ട്രലൈസ്ഡ് കിച്ചൻ എന്ന ആശയവും ആരോഗ്യവകുപ്പ് മുന്നോട്ടു വെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും അക്കാദമിയിലെ പോലീസുകാർക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.