വിയ്യൂർ: രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ പോലീസുകാരനെ സഹപ്രവർത്തകർ മർദ്ദിച്ചെന്ന പരാതി തെറ്റാണെന്നും പോലീസുകാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നും വാക്കുതർക്കം മാത്രമേയുണ്ടായിട്ടുള്ളുവെന്നും പോലീസിന്റെ നിഗമനം.
അക്കാദമിയിലെ ഹവീൽദാറായ കൊല്ലം സ്വദേശിയാണ് തനിക്ക് അക്കാദമിയിലെ നാലുപോലീസുകാരിൽ നിന്നും മർദ്ദനമേറ്റെന്നും തന്റെ പണം കവർന്നെന്നും പരാതി വിയ്യൂർ പോലീസിൽ നൽകിയത്. എന്നാൽ കേസിൽ സാക്ഷികളാരും ഇല്ലാത്തതിനാൽ പോലീസിന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചില്ല.
അന്വേഷണത്തിൽ പരാതിയിൽ കഴന്പില്ലെന്നും രാത്രി പത്തരക്കു ശേഷം പരേഡ് ഗ്രൗണ്ടിലേക്കുള്ള വഴിയിലൂടെ നടക്കുന്നത് കണ്ട് അക്കാദമിയിലെ പോലീസുകാർ ഇയാളെ ചോദ്യം ചെയ്തത് വാക്കുതർക്കത്തിനിടയാക്കുക മാത്രമാണുണ്ടായതെന്നുമാണ് അന്വേഷണത്തിൽ മനസിലായിരിക്കുന്നത്. വിയ്യൂർ പോലീസ് അന്വേഷണം തുടരുന്നുണ്ട്.
അതിനിടെ പരാതി നൽകിയ പോലീസുകാരൻ ഒരു സ്വകാര്യ ചാനലിലൂടെയും തന്റെ പരാതി ആവർത്തിച്ച് പോലീസ് അക്കാദമിയെ അവഹേളിക്കും വിധം ആരോപണങ്ങളുന്നയിച്ചതായും ആക്ഷേപമുയർന്നു. ഇതെത്തുടർന്ന് ഇയാളെ അടൂർ കെ.എ.പി ബറ്റാലിയനിലേക്ക് സ്ഥലം മാറ്റി.