കോഴിക്കോട്: സിപിഎമ്മിന്റെ നേതൃത്വത്തിൽ സംസ്കൃത സംഘം രൂപീകരിച്ച് രാമായണ പാരായണ മാസാചരണം നടത്തുമെന്ന വാർത്ത പുറത്ത് വന്നതോടെ പാർട്ടിയെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ. ഇന്നലെ വാർത്ത പുറത്ത് വന്നതോടെ ട്രോളർമാർ വിഷയം സോഷ്യൽ മീഡയിയിൽ സജീവമാക്കി. സിപിഎമ്മിനെയും പാർട്ടി പ്രവർത്തകരെയും പരിഹസിച്ച് നിരവധി ട്രോളുകളാണ് നിമിഷങ്ങൾക്കകം വൈറലായത്.
രാമായണമാസത്തിന് ശേഷം പാർട്ടി പ്രവർത്തകൻ അയോധ്യയിലേക്ക് രാമക്ഷേത്രം പണിയാൻ പോകുന്നു എന്നും, ലാൽ സലാം സഖാവേ എന്ന് പറയുന്പോൾ ജയ്ശ്രീരാം സഖാവേ എന്ന് തിരിച്ചു പറയുന്ന പ്രവർത്തകനെ ഉയർത്തികാട്ടിയുമെല്ലാം ആണ് ട്രോളർമാർ അരങ്ങ് തകർക്കുന്നത്.
രാമായണം വായിച്ച ശേഷം രാവണനെ കൊന്നത് ആരെന്ന ചോദ്യത്തിനുള്ള ഉത്തരം ആർഎസ്എസ് എന്ന് പറയുന്ന പ്രവർത്തകരെ പരിഹസിക്കുന്ന ട്രോളും നിമിഷങ്ങൾക്കകം വൈറലായിട്ടുണ്ട്. ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക് നിമിഷങ്ങൾക്കകം ട്രോളുകൾ കൈമാറിയതോടെ നിരീശ്വരവാദികളായ പാർട്ടി പ്രവർത്തകർ പ്രതിരോധത്തിലായ സ്ഥിതിയിലാണ്.
ട്രോളുകൾക്കെതിരേ മറുപടി പറയാൻ സാധിക്കാതെ പരിഹാസപാത്രമാകുന്നുവെന്ന് പ്രവർത്തകർ സമ്മതിക്കുന്നു.
മുഖ്യമന്ത്രിക്കെതിരേ ട്രോൾ ഇടുന്നവർക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി സർക്കാർ രംഗത്തെത്തിയത് നേരത്തെ വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരേ ട്രോൾ ഇട്ടവർക്കെതിരേ കേസ് എടുത്തതും വലിയ ഒച്ചപ്പാടുണ്ടാക്കയിരുന്നു