കൊച്ചി: എളംകുളത്ത് വാടക വീട്ടിൽ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന റാം ബഹാദൂർ ബിസ്തി മുൻപ് താമസിച്ചിരുന്ന സ്ഥലങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു.
ഇയാൾ മറ്റു സ്ത്രീകളെ കെണിയിൽ വീഴ്ത്തിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. റാം ബഹാദൂർ ആദ്യ വിവാഹം കഴിച്ച സ്ത്രീയും രണ്ടു മക്കളും നേപ്പാളിലുണ്ട്.
അതിനുശേഷമാണ് മറ്റൊരു സ്ത്രീക്കൊപ്പം താമസം തുടങ്ങിയത്. കുറച്ചുകാലത്തെ താമസത്തിനുശേഷമാണ് കൊല്ലപ്പെട്ട ഭാഗീരഥി ധാമിക്കൊപ്പം മൂന്നു വർഷം മുന്പ് കൊച്ചിയിൽ ഇയാൾ താമസം ആരംഭിച്ചത്.
രണ്ടു സ്ത്രീകളെയും വിവാഹം ചെയ്തിട്ടില്ലെന്നും സഹജീവിതമാണ് നയിച്ചിരുന്നതെന്നുമാണ് പോലീസ് നൽകുന്ന വിവരം.
ഇയാൾ മറ്റു പല സംസ്ഥാനങ്ങളിലും താമസിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ സ്ത്രീകളെ കെണിയിൽപ്പെടുത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ് സംഘം.
കൊല്ലപ്പെട്ട ഭഗീരഥി ധാമിയുടെ ബന്ധുക്കൾ ബംഗളൂരുവിൽനിന്ന് കൊച്ചിയിൽ എത്തിയിരുന്നു. ഇവരിൽ നിർണായകമായ പല വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
റാം ബഹാദൂറിനെ കണ്ടെത്തുന്നതിനായി സൗത്ത് എസ്ഐ ജെ. അജേഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇയാൾ രാജ്യം വിട്ടിട്ടില്ലെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ആറു ചെക്പോയിന്റുകളിലും പ്രതിയുടെ ചിത്രവും വിവരങ്ങളും നൽകിയിട്ടുണ്ട്.
ജോലി തേടിയെത്തിയ ഭഗീരഥി റാം ബഹാദൂർ ബിസ്തിക്കൊപ്പം ലക്ഷ്മി എന്ന വ്യാജപ്പേരിലാണ് താമസിച്ചിരുന്നത്. യുവതിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.