പത്തനാപുരം: നിപ ഭീതിയില്‍ റമ്പൂട്ടാൻ കർഷകരെ വലയുന്നു.കിഴക്കന്‍ മേഖലയില്‍ വ്യാപകമായിക്കൊണ്ടിരുന്ന ഈ പുതിയ കാർഷികവിളയുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായ സ്ഥിതിയാണ് . നിപയുടെ പശ്ചാത്തലത്തിൽ വിളവെത്തിയ പഴങ്ങൾ വിൽക്കാനാകാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം.
വവ്വാൽകൊത്തുന്ന പഴങ്ങളിൽ വൈറസ് ബാധ ഉണ്ടായേക്കാമെന്ന അഭ്യൂഹം വന്നതോടെ റമ്പൂട്ടാൻ പഴംവാങ്ങാൻ കച്ചവടക്കാരെത്താതായതാണ് പ്രശ്നത്തിനിടയാക്കിയത്. ആളുകൾ വാങ്ങാൻ തയാറാകാത്തതിനാലാണ് ശേഖരിക്കാൻ മടിക്കുന്നതെന്ന് കച്ചവടക്കാരും പറയുന്നു.
വിദേശ പഴവർഗങ്ങളിലൊന്നായ റമ്പൂട്ടാന്റെ കൃഷി സംസ്ഥാനത്തെ പലജില്ലകളിലും വ്യാപകമായി വരുന്നതിനിടെയാണ് തിരിച്ചടി. ഏതാനും വർഷങ്ങൾക്കിടെയാണ് കൃഷിക്ക് കൂടുതൽ പ്രചാരം ലഭിച്ചത്. സാമാന്യം നല്ലവില ലഭിച്ചിരുന്നതിനാൽ മിക്ക സ്ഥലങ്ങളിലും കർഷകർക്ക് ലാഭകരമായ വിളയായി ഇത് മാറി. സംസ്ഥാനത്തുടനീളം വലിയ ഡിമാന്റായിരുന്നു ഈ പഴത്തിനെന്ന് മൊത്തവ്യാപാരിയായ സലീംകുമാർ പറയുന്നു.
കിലോയ്ക്ക് 150മുതൽ 300 രൂപ വരെ ലഭിച്ചിരുന്നതിനാൽ കർഷകർക്കും ഏറെ ആദായകരമായിരുന്നു .ഏപ്രിൽ മുതൽ ജൂലായ് വരെയാണ് പഴത്തിന്റെ വിളവെടുപ്പ്. രണ്ടു വർഷമായി വിളവെടുപ്പ് കാലത്ത് നിപ ഭീഷണി ഉയരുന്നതാണ് കൃഷിയുടെ ഭാവി ആശങ്കയിലാക്കുന്നത്.പത്തനംതിട്ട കൊല്ലം,
എറുണാകുളം, കോട്ടയം ജില്ലകളിൽ കൃഷി വ്യാപകമായുണ്ട്. പലയിടത്തും ഏക്കർ കണക്കിന് തോട്ടങ്ങൾ തന്നെയുണ്ട്. വിളവെടുപ്പിനുമുമ്പ് കച്ചവടക്കാരെത്തി വില ഉറപ്പിച്ച് മരത്തിൽ വലയിട്ട് നിർത്തുകയാണ് പതിവ്. എന്നാൽ, ഇത്തവണ പലയിടത്തും കച്ചവടക്കാരെത്തിയില്ല.
ചിലയിടങ്ങളിൽ നേരത്തേ വന്ന് വിലയുറപ്പിച്ച കച്ചവടക്കാർ പിന്നീട് തിരിഞ്ഞു നോക്കിയില്ല. നിരവധി കർഷകർ പഴം പാകപ്പെടുത്തി വ്യാപാരകേന്ദ്രങ്ങളിലെത്തിച്ച് വില്പനയ്ക്ക് ശ്രമിച്ചെങ്കിലും 25-30 രൂപപോലും ലഭിച്ചില്ല. കഴിഞ്ഞവർഷം 200രൂപ വരെ ലഭിച്ചിരുന്നു.വിപണിയില്‍ വില 80മുതല്‍ 120വരെയായി താഴുകയും ചെയ്തു..