കോഴിക്കോട്: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭീതി പരത്തി നിപ്പ വൈറസ് കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ പണികിട്ടിയതു പഴ വിപണിക്ക്. റംബുട്ടാൻ അടക്കമുള്ള പഴവർഗങ്ങൾ കൃഷി ചെയ്യുന്ന കർഷകരാണ് ആശങ്കയിലായിരിക്കുന്നത്.
മലയോരമേഖലയിൽനിന്ന് ഇത്തരം പഴങ്ങൾ ധാരാളമായി വടക്കേന്ത്യയിലേക്കു കയറിപ്പോകുന്നതാണ്.
പ്രചാരണങ്ങൾ
പുതിയ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്ന പ്രചാരണങ്ങൾ പഴവിപണിക്കു തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കർഷകർ.
വവ്വാൽ കടിച്ച റംബുട്ടാൻ പഴം കഴിച്ചതുവഴിയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച കുട്ടിക്കു നിപ്പ ബാധിച്ചതെന്ന നിഗമനമാണ് പഴ വിപണിക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്.
കഴിഞ്ഞ തവണ നിപ്പ പൊട്ടിപ്പുറപ്പെട്ടപ്പോഴും സമാനമായ രീതിയിൽ പഴവിപണിയിൽ കടുത്ത പ്രതിസന്ധി ഉടലെടുത്തിരുന്നു.
നിരവധി കർഷകർ
റബർ, കുരുമുളക്, കാപ്പി തുടങ്ങിയ മേഖലകളിലെ വിലയിടിവും മറ്റും കണക്കിലെടുത്തു നിരവധി കർഷകർ റംപുട്ടാൻ അടക്കമുള്ള പഴവർഗങ്ങളിലേക്കു കൃഷി മാറ്റിയിരുന്നു.
നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഈ പഴങ്ങൾക്കു നല്ല ഡിമാൻഡും ലഭിച്ചിരുന്നു. കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോടിനു പുറമേ കണ്ണൂർ, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
വയനാട്ടിൽ മാത്രം അയ്യായിരത്തിലേറെ കർഷകർ റംബുട്ടാൻ, മാംഗോസ്റ്റിൻ, പുലാസൻ, അവോകാഡോ, ഡ്രാഗൺ ഫ്രൂട്ട്, ലിച്ചി തുടങ്ങിയ പഴങ്ങൾ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഏതാണ്ട് ആറായിരം ഏക്കറിലേറെ സ്ഥലങ്ങളിൽ ഇത്തരം കൃഷി ചെയ്യുന്നുണ്ട്.
മുപ്പതു വർഷത്തിലേറെയായി റംബുട്ടാൻ കൃഷി ചെയ്യുന്നവർ തുടങ്ങി ഈ മേഖലയിലുണ്ട്. ഇവർക്ക് ആശ്വാസകരമായ വരുമാനം നേടിക്കൊടുക്കുന്ന മേഖലയായിരുന്നു പഴവർഗങ്ങളുടെ കൃഷി.
മെട്രോ നഗരങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലൂടെയാണ് ഇത്തരം പഴങ്ങൾ ഏറെയും വിറ്റഴിഞ്ഞിരുന്നത്.
എന്നാൽ, നിപ്പ വാർത്ത മാധ്യമങ്ങളിൽ വന്നതിനു പിന്നാലെ വടക്കേന്ത്യയിൽനിന്ന് നിരവധി ഫോൺ കോളുകൾ തങ്ങൾക്കു ലഭിച്ചെന്നു കർഷകർ പറയുന്നു.
വവ്വാൽ കടിച്ച റംബുട്ടാൻ പഴം കുട്ടികൾ കഴിച്ചതു വഴിയാണ് നിപ്പ ബാധിച്ചതെന്ന പ്രചാരണങ്ങളാണ് വിപണയിൽ ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്.
പഴങ്ങളെ പേടിക്കണോ?
അതേസമയം, പഴങ്ങളും വവ്വാലുകളും എല്ലാ ദേശത്തും ഉള്ളതാണെന്നും പഴങ്ങളെ അത്രയധികം പേടിക്കേണ്ട കാര്യമില്ലെന്നുമാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
നിപ്പ മാത്രമല്ല. വവ്വാലുകൾ നിരവധി വൈറസുകളെ പേറുന്നവയാണ്. വവ്വാലുകൾ വീട്ടുപരിസരങ്ങളിലെല്ലാം കടന്നുകയറുന്നവയാണ്. അങ്ങനെ നോക്കിയാൽ പുറത്തിരിക്കുന്ന ഒന്നും ഉപയോഗിക്കാനാവാത്ത അവസ്ഥ വരും.
കേരളത്തിൽ മാത്രം നിപ്പ വരുന്നതിന്റെ കാരണം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. നിപ്പ ബാധിച്ചതു വവ്വാൽ കടിച്ച റംബുട്ടാൻ വഴിയാകാമെന്നത് ഒരു നിഗമനം മാത്രമാണ്. അന്തിമമായി ഇനിയും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.
ഒരു മുൻ കരുതൽ എന്ന നിലയിൽ വവ്വാലും മറ്റും കടിച്ചതിന്റെ അവശിഷ്ടങ്ങൾ ഒഴിവാക്കാമെന്നല്ലാതെ വൃത്തിയാക്കിയും മറ്റും ഷോപ്പുകളിൽ വില്പനയ്ക്കെത്തുന്ന പഴങ്ങളും മറ്റും ഇതിന്റെ പേരിൽ ഒഴിവാക്കേണ്ടതില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മരത്തിൽനിന്നു വീണു കിടക്കുന്നതോ പക്ഷികളോ മറ്റോ കടിച്ചതോ ആയ പഴങ്ങൾ ഒഴിവാക്കണമെന്നും അതേസമയം, നന്നായി കഴുകി വൃത്തിയാക്കിയ പഴങ്ങൾ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്നും മന്ത്രി വീണ ജോർജും അറിയിച്ചു.
ഇതിനിടെ, നിപ്പ ആശങ്ക അകലുകയാണെന്ന പുതിയ റിപ്പോർട്ടുകളും കർഷകർക്ക് ആശ്വാസമായിട്ടുണ്ട്. നിപ്പ ബാധയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഇരുപതു സാന്പിളുകൾകൂടി നെഗറ്റീവ്.
ഇതോടെ നിപ്പ സംബന്ധിച്ച ഏറ്റവും വലിയ ആശ്വാസ വാർത്തയാണ് പുറത്തേക്കു വരുന്നത്. ഇന്നലെ പത്തുപേരുടെ ഫലം നെഗറ്റീവ് ആയിരുന്നു.
നിയന്ത്രണത്തിൽ
അടുത്ത സന്പർക്കമുണ്ടായിരുന്നവരുടെ സാന്പിളുകളാണ് നെഗറ്റീവ് ആയതെന്നു ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങളെ അറിയിച്ചു. ഹൈ റിസ്കിൽ ഉള്ളവരെന്നു കരുതിയ 30 പേർക്കും രോഗം ബാധിച്ചിട്ടില്ലെന്നു ഇതിനകം വ്യക്തമായിട്ടുണ്ട്.
21 പേരുടെ സാന്പിളുകൾ കൂടി ലഭിക്കാനുണ്ട്. നിപ്പയുമായി ബന്ധപ്പെട്ട് 68 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
നിപ്പബാധ തിരിച്ചറിഞ്ഞ ഉടൻ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രതിരോധനടപടികൾ ഫലം കാണുന്നുവെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. നിപ്പയുമായി ബന്ധപ്പെട്ടു നിലവിൽ ആശങ്കപ്പെടേണ്ട സാഹഹചര്യമില്ലെന്നു ആരോഗ്യമന്ത്രി അറിയിച്ചു.
അതീവ ജാഗ്രത
നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്ന് ജില്ലകള്‍ അതീവ ജാഗ്രതയിലാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ച അതീവജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചത്.
അതേസമയം രോഗം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ വിദഗ്ധർ ഉള്‍പ്പെട്ട കേന്ദ്രസംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
കുട്ടിയുടെ പ്രാഥമിക സമ്പര്ക്കപട്ടികയിലു ണ്ടായിരുന്ന പത്തുപേരുടെയും ഫലം ഇന്നലെ നെഗറ്റീവ് ആയിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍, അടുത്തബന്ധുക്കള്‍, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫലമാണ് ഇന്നലെ പുറത്തുവന്നത്.
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ജാഗ്രത തുടരുന്നതായും കുട്ടിക്ക് നിപ്പ വരാനുണ്ടായ കാരണം വിവിധ വകുപ്പുകളില്‍നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടു പ്രകാരമേ പറയാനാകൂവെന്നും മന്ത്രി അറിയിച്ചു.