ഇളംകാട്: ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. 2021 ജൂലൈ ആറിന് ഇളംകാട് ടോപ്പ് സ്വദേശിനിയായ കൂവളത്ത് റഹ്മത്ത് അലിയുടെ മകൾ അനീഷ (21) തൂങ്ങി മരിച്ച സംഭവത്തിലാണ് ഭർത്താവ് കോഴിക്കോട് പയ്യോളി സ്വദേശിയായ മൂപ്പിക്കതിൽ നാസറിനെ (25) കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ അറസ്റ്റ് ചെയ്തത്.
സംഭവത്തെപ്പറ്റി പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ:
നെടുങ്കണ്ടം സ്വദേശിയായ യുവാവുമായി അനീഷയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു. വിവാഹം ക്ഷണിക്കാനായി കോഴിക്കോടുള്ള സഹോദരിയുടെ വീട്ടിൽ റഹ്മത്ത് അലിയും കുടുംബവും എത്തുകയും ഒരാഴ്ച ഇവിടെ തങ്ങുകയും ചെയ്തു.
ഇതിനിടയിൽ അനീഷയെ റഹ്മത്ത് അലിയുടെ സഹോദരി പുത്രൻ നാസറിനായി വിവാഹം ആലോചിച്ചെങ്കിലും റഹ്മത്ത് അലി സമ്മതിക്കാത്തതിനെത്തുടർന്ന് നടന്നില്ല. പിന്നീട് ഇവർ അനീഷയെ ഇളംകാട്ടിലുള്ള വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് റഹ്മത്ത് അലി പോലീസിൽ പരാതി നൽകിയെങ്കിലും രണ്ടുപേരും പ്രായപൂർത്തിയായതിനാൽ ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകുകയായിരുന്നു.
ഇവർ തമ്മിൽ മിക്ക ദിവസങ്ങളിലും കുടുംബ വഴക്കിനെ തുടർന്ന് പയ്യോളി പോലീസിൽ നിരവധി പരാതി നൽകുകയും നാസറിനും കുടുംബത്തിനും താക്കീത് നൽകുകയും ചെയ്തിരുന്നു.
യുവതിക്കെതിരേ അപവാദ പ്രചരണവും ഇയാൾ നടത്തിയിരുന്നു. ഇത് സഹിക്കാതായതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇളംകാട്ടിലെ വീട്ടിലെത്തിയ അനീഷ കുട്ടിയെ തൊട്ടിലിൽ ഉറക്കി കിടത്തിയ ശേഷം ഭർത്താവിനെ വീഡിയോ കോൾ വിളിച്ചു തൊട്ടിലിന്റെ കയറിൽതന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അനീഷയുടെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടാവാതായതോടെ ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടനെ കോടതി കേസ് അന്വേഷണം ചുമതലപ്പെടുത്തിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നാസർ കുടുങ്ങിയത്.
ഫോണ് വിവരങ്ങൾ പരിശോധിച്ച് ഇയാൾ ഭാര്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കാഞ്ഞിരപ്പളളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയതു.