വടകര: അന്ധതയെ അകക്കണ്ണിന്റെ വെളിച്ചംകൊണ്ട് തോല്പിച്ച രാംദാസ് മേപ്പയിലിനെ നേരില്‍ കണ്ട വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ നമ്രശിരസ്കരായി. വിദ്യാര്‍ഥികള്‍ പ്രതിഭകളിലേക്ക് എന്ന വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് മേപ്പയില്‍ എസ്ബി സ്കൂള്‍ വിദ്യാര്‍ഥികള്‍ രാംദാസ് മേപ്പയിലിന്റെ വീട്ടിലെത്തിയതും കാര്യങ്ങള്‍ അറിഞ്ഞതും ആദരിച്ചതും. ബ്രെയിലി ലിപിയിലൂടെ ആയിരത്തിലധികം പുസ്തകങ്ങള്‍ വായിച്ച രാംദാസ് മേപ്പയിലിന്റെ ജീവിതകഥ പുതുതലമുറക്കു തികച്ചും പ്രചോദനമാണ്.
തന്റെ പതിനഞ്ചാമത്തെ വയസില്‍ കോഴിക്കോട് വിക്ടോറിയ കോളജില്‍ പഠനം നടത്തി വരുന്ന ഒരു വിദ്യാര്‍ഥിയെ പരിചയപ്പെട്ടതാണ് രാംദാസിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധീകരണശാലയിലെ ബ്രെയിലി ലിപിയില്‍ അച്ചടിക്കുന്ന പ്രസിദ്ധീകരണങ്ങളിലൂടെ തന്നെ അറിവിന്റെ പുതുലോകത്തേക്ക് നയിച്ച ആ ചെറുപ്പക്കാരനെ ബഹുമാനത്തോടെയാണിന്നും രാംദാസ് ഓര്‍ക്കുന്നത്.
വായന മാത്രമാണ് തനിക്ക് വെളിച്ചമേകുന്നതെന്ന തിരിച്ചറിവ് പുസ്തകങ്ങളെ സ്നേഹിക്കാനും പുതിയ പാഠം പഠിച്ചെടുക്കാനും വഴിയൊരുക്കി. 1957-ലാണ് ലണ്ടന്‍ ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പെടുക്കുന്നത്. തുടര്‍ന്ന് ബ്രെയ്ലി ലിപിയില്‍ തയാറാക്കിയ പുസ്തകങ്ങള്‍ എത്തിത്തുടങ്ങി.
ആദ്യഘട്ടത്തില്‍ ലോക ക്ലാസിക് കൃതികളായിരുന്നു വായനക്കായി തെരഞ്ഞെടുത്തത്. ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ, ഔട്ട്ലൈന് ഓഫ് ഹിസ്റ്ററ്റി, ഷോര്‍ട്ട് ഹിസ്റ്ററ്റി ഓഫ് ദി വേള്‍ഡ്, ഷേക്സ്പീരിയന്‍ ഡ്രാമാസ്, വോയേജ് ഓഫ് ബീഗ്ള്‍ തുടങ്ങി ഒട്ടേറെ പ്രസിദ്ധകൃതികള്‍ തന്റെ ഉള്‍ക്കാഴ്ചയെ പ്രകാശിപ്പിച്ചതായി രാംദാസ് കുട്ടികളോട് പറഞ്ഞു .
വലതു കൈയ്യിലെ ചൂണ്ടുവിരലിന്റെ സ്പര്‍ശനത്തിലൂടെ ആയിരത്തിലധികം കൃതികള്‍ വായിച്ചു കഴിഞ്ഞ ചാരിതാര്‍ഥ്യമാണ് അദ്ദേഹത്തിനു കുട്ടികളുമായി പങ്കുവയ്ക്കാനുള്ളത്. ഡിസ്കവറി ഓഫ് ഇന്ത്യ എന്ന ജവഹര്‍ലാല്‍ നെഹറുവിന്റെ പുസ്തകത്തെക്കുറിച്ചുള്ള സൂചനയില്‍ അദ്ദേഹം പറഞ്ഞു. മുംബൈയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘വൈറ്റ് പ്രിന്റ് ‘ എന്ന മാഗസിനിലെ ആനുകാലികകാര്യങ്ങള് വായിച്ചാണ് ഇന്ന് അദ്ദേഹം സമയം ചെലവഴിക്കുന്നത്.
അതിരാവിലെ തുടങ്ങുന്ന വായന അന്തിയാവോളം തുടരുന്നു. പുതുതലമുറയ്ക്ക് അദ്ദേഹം പകര്‍ന്നു നല്കുന്ന അനുഭവപാഠവും ഇതുതന്നെ.
മേപ്പയിലെ പീടികത്തിണ്ണയിലിരുന്ന് പുസ്തകങ്ങള്‍ വായിച്ചിരുന്ന രാംദാസ് എന്ന ചെറുപ്പക്കാരനെ അന്നത്തെ യുവാക്കള്‍ ഏറെ ആവേശത്തോടെയായിരുന്നു കണ്ടിരുന്നതെന്ന കാര്യം കുട്ടികളില്‍ ആവേശമുണത്തി. വായനയില്‍ നിന്ന് അകലുന്നവര്ക്ക് വായന ലഹരിയായിമാറിയ ഒരാളുടെ വാക്കുകള്‍ ഗൗരവത്തോടെ കേള്‍ക്കേണ്ട കാലമാണിത്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി രാംദാസ് മേപ്പയിലിന് വിദ്യാര്‍ഥികള്‍ ഉപഹാരം സമര്‍പ്പിച്ചു.