സ്വന്തം ലേഖകന്‍
തൃശൂര്‍: അഭ്രപാളിയില്‍ വിസ്മയങ്ങള്‍ വിരിയിച്ച് തൃശൂര്‍ രാംദാസ് തിയറ്റര്‍ അമ്പതിന്റെ നിറവില്‍. 1971ല്‍ തൃശൂര്‍ക്കാരെ സിനിമ കാണിക്കാന്‍ തുടങ്ങിയ രാംദാസ് തിയറ്റര്‍ സുവര്‍ണജൂബിലി ആഘോഷത്തിന്റെ തിരക്കിലാണ്.
ഇതിനകം അറുനൂറോളം സിനിമകള്‍ രാംദാസിന്റെ വെള്ളിത്തിരയിലൂടെ ലക്ഷക്കണക്കിനു പ്രേക്ഷകര്‍ കണ്ടാസ്വദിച്ചു. 1971ല്‍ ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി വേണ്ടന്നുവച്ച് രവി ചേലൂര്‍ തൃശൂരില്‍ രാംദാസ് തിയറ്റര്‍ തുടങ്ങുമ്പോള്‍ ജോസ്, രാമവര്‍മ (ഇപ്പോഴത്തെ സപ്ന) തിയറ്ററുകള്മാത്രമേ സാംസ്കാരിക തലസ്ഥാനത്തുണ്ടായിരുന്നുള്ളൂ.
തൃശൂരിലെ ആദ്യത്തെ എസി തിയറ്റര്‍ എന്ന ഖ്യാതിയോടെയാണ് രാംദാസിന്റെ വാതിലുകള്‍ സിനിമാപ്രേമികള്‍ക്കായി തുറന്നിട്ടത്. പുരബ് ഓര് പശ്ചിം എന്ന ഹിന്ദി സിനിമയാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
പിന്നീടാണ് ഒരു മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്നും ആ സിനിമയില്‍ ചെറിയൊരു റോളില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നുവെന്നും രാംദാസ് തിയറ്ററിന്റെ ഉടമയും രവി ചേലൂരിന്റെ മകനുമായ ഡോ.രാംദാസ് ചേലൂര്‍ ഓര്‍ക്കുന്നു.
വിസ്മയക്കാഴ്ച സമ്മാനിക്കുന്ന 70 എംഎം സ്ക്രീനാണ് രാംദാസിന്റെ സവിശേഷത. ആദ്യം മുതല്ക്കേ ബിഗ് സ്ക്രീന്‍ എന്ന വിശേഷണം രാംദാസ് സ്വന്തമാക്കിയിരുന്നു. കാലത്തിനൊത്ത് അപ്ഡേറ്റഡ് ആയി ശബ്ദസജ്ജീകരണത്തിലും സ്ക്രീന്‍ സംവിധാനത്തിലും രാംദാസ് മാറിക്കൊണ്ടേയിരുന്നു.
1995ല്‍ രംഗീല എന്ന ഹിന്ദി ചിത്രമെത്തിയപ്പോള്‍ രാംദാസ് പുതിയ ശബ്ദസംവിധാനത്തിലൂടെ ആസ്വാദകരെ വിസ്മയിപ്പിച്ചു. സിങ്ക് സൗണ്ട് സംവിധാനത്തിലെത്തിയ മലയാളത്തിലെ ലൗഡ് സ്പീക്കര്‍ എന്ന സിനിമ രാംദാസില് പ്രേക്ഷകര്‍ക്കു സമ്മാനിച്ചത് അന്നേവരെ ഇല്ലാത്ത പുതിയ അനുഭവമായിരുന്നു. കാലാപാനി പോലുള്ള ശബ്ദപ്രാധാന്യമുള്ള സിനിമകളുടെ കാഴ്ചയും രാംദാസില് വിസ്മയമായിരുന്നു.
മലയാളത്തിനൊപ്പം അന്യഭാഷാ ചിത്രങ്ങളും രാംദാസിന്റെ അഭ്രപാളികളിലെത്തിയിരുന്നു. ഭാഗ്യരാജിന്റെ “മുന്താണെ മുടിച്ച്’ ഒരുവര്‍ഷത്തോളം പ്രദര്‍ശിപ്പിച്ചു.
1106 സീറ്റുകളായിരുന്നു രാംദാസില് ആദ്യമുണ്ടായിരുന്നത്. നാലു ക്ലാസുകൾ. 75 പൈസയായിരുന്നു ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കെന്നു ഡോ.രാംദാസ് ചേലൂര്‍ ഓര്‍ക്കുന്നു. പത്തുരൂപയോ അതില്‍ താഴെയോ ആയിരുന്നു പരമാവധി ടിക്കറ്റ് നിരക്ക്.
തിയറ്ററിന്റെ ഉദ്ഘാടനം അന്നത്തെ ഒരു മന്ത്രിയായിരുന്നുവെന്നും കെ.കരുണാകരനും ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളവുമൊക്കെ ചടങ്ങിനുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിയറ്ററിന്റെ പ്രവര്‍ത്തനത്തിനായി വൈദ്യുതി കണക്ഷന് നല്കാന് അധികാരികള്‍ വൈമുഖ്യം കാണിച്ചപ്പോള്‍ അന്നു കെ.കരുണാകരന് നേരിട്ടു തിരുവനന്തപുരത്തു പോയി ഒറ്റദിവസം കൊണ്ട് കണക്ഷന്റെ കാര്യം ശരിയാക്കിക്കൊണ്ടുവന്നു രവി ചേലൂരിനെ ഏല്പിച്ച കഥ അച്ഛന് പറഞ്ഞോര്മയുണ്ടെന്നു രാംദാസ് ചേലൂര്‍ പറഞ്ഞു.
അന്നു കരുണാകരന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ തീയറ്ററിനു പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമായിരുന്നില്ലത്രെ.
മദ്രാസില്‍ പ്രസിഡന്‍സി കോളജിലും ലോ കോളജിലും പഠിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന കൈമളാണ് രവി ചേലൂരില്‍ സിനിമ തിയറ്ററെന്ന മോഹത്തിന്റെ വിത്തുപാകിയത്.
ഇരുവരും ചേര്‍ന്ന് സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ചെങ്കിലും രവി ചേലൂര്‍ പിന്നീട് സിനിമ തിയറ്റര്‍ ആരംഭിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയായിരുന്നു. തൃശൂര്‍ നഗരത്തിന്റെ കണ്ണായ സ്ഥലത്തു സ്വന്തമായുണ്ടായിരുന്ന ഭൂമിയില്‍ അങ്ങനെ രാംദാസ് തിയറ്റര്‍ യാഥാര്‍ത്ഥ്യമായി.
ഇന്നു ഗുരുവായൂരിലും ചെര്പ്പുളശേരിയിലുമടക്കം ആറു തീയറ്ററുകള്‍ രാംദാസിനുണ്ട്. കണ്‍സ്ട്രക്ഷന്‍ രംഗത്തും സിനിമാ നിര്‍മാണ രംഗത്തും ഡോ.രാംദാസ് ചേലൂര്‍ തന്റെ വിജയകരമായ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
2007ല്‍ പഴയ രാംദാസ് തിയറ്റര്‍ പുതുക്കി രാംദാസ്, രവികൃഷ്ണ എന്നിങ്ങനെ രണ്ടു തിയറ്ററുകളാക്കി. തൃശൂരിലെ ആദ്യത്തെ ട്വിന്‍ തീയറ്റര്‍ എന്ന ഖ്യാതിയും അങ്ങനെ രാംദാസ് സ്വന്തമാക്കി.
കേരളത്തിലെ മികച്ച പത്തു തിയറ്ററുകളെടുക്കുമ്പോള് അതില്‍ രാംദാസ് തിയറ്ററിന് ഇടമുണ്ടാകും. പ്രേക്ഷകന് ഏറ്റവും നല്ല സിനിമാനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ സൗകര്യങ്ങള്‍ സുവര്‍ണജൂബിലി വര്‍ഷത്തില്‍ ഒരുക്കാനാണ് ഡോ.രാംദാസ് ചേലൂര്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.