കാഠ്മണ്ഡു: യോഗ ഗുരു ബാബാ രാംദേവിന്റെ നേപ്പാളിലെ നിക്ഷേപം വിവാദത്തില്‍. രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ് ഗ്രൂപ്പ് നേപ്പാളില്‍ നടത്തിയ 150 കോടിയുടെ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ഫോറിന് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ടെക്നോളജി ട്രാന്‍സ്ഫര്‍ ആക്ട് പ്രകാരം ഒരു വിദേശ നിക്ഷേപകന് നേപ്പാളില്‍ നിക്ഷേപം നടത്തണമെങ്കില്‍ നേപ്പാളിലെ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡിന്റെയോ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്ഡസ്ട്രീസിന്റെയോ അനുമതി വേണം. നേപ്പാളില്‍ ഏറ്റവും പ്രചാരമുള്ള കാന്തിപുര്‍ ഡെയ്ലിയാണ് അനധികൃത നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
അതേസമയം, നിയമം ലംഘിച്ച് താന്‍ നേപ്പാളില്‍ ഒരു നിക്ഷേവും നടത്തിയിട്ടില്ലെന്ന വാദവുമായി ബാബാ രാംദേവ് രംഗത്തെത്തി. എല്ലാ ചട്ടങ്ങളും പൂര്‍ത്തിയായ ശേഷമേ പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് നേപ്പാളില്‍ പ്രവേശിക്കൂ. ഇന്ത്യയില്‍നിന്നുള്ള നിക്ഷേപങ്ങള്‍ നേപ്പാളിലെ പതഞ്ജലി യോഗാപീഠ് ആകര്‍ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിലെ പതഞ്ജലി യോഗാപീഠിലെ മുഴുവന്‍ നിക്ഷേപങ്ങളും നേപ്പാളീസ് ബിസിനസുകാരനായ ഉപേന്ദ്ര മഹാതോയുടെയും ഭാര്യ സാമന്തയുടെയും പേരിലാണ്. ഭാവിയില്‍ പതഞ്ജലി ആയുര്‍വേദ് ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 23നു നടത്തിയ പത്രസമ്മേളനത്തില്‍ നേപ്പാളിലെ ആയുര്‍വേദ ഫാക്ടറിക്കായി 150 കോടിയുടെ നിക്ഷേപം നടത്തുമെന്ന് രാംദേവ് പ്രഖ്യാപിച്ചിരുന്നു. 500 കോടിയുടെ നിക്ഷേപം പിന്നാലെയുണ്ടാകുമെന്നും പറഞ്ഞിരുന്നു. നേപ്പാളിലെ പതഞ്ജലി ഫാക്ടറി 24ന് പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി ഉദ്ഘാടനം ചെയ്തിരുന്നു.