കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിനു മുന്നിൽ ഹാജരാകേണ്ട യുവാവ് വാഹനാപകടത്തിൽ മരിച്ചു.
കണ്ണൂർ അഴീക്കോട് മൂന്നുനിരത്ത് സ്വദേശി റമീസ് (25)ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. കസ്റ്റംസ് ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയതിനു തൊട്ടുപിന്നാലെയാണ് റമീസ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനായി അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായ റമീസിനോടും പ്രണവിനോടും കഴിഞ്ഞദിവസം കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.
എന്നാൽ, ഇവർ ഹാജരായില്ല. പകരം 27ന് ഹാജരാകാമെന്ന് കസ്റ്റംസിനെ അറിയിക്കുകയായിരുന്നു.
ഇതിനു പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെയാണ് കപ്പക്കടവിനടുത്ത് റമീസ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുന്നത്. പരിക്കേറ്റ റമീസിനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു.
കള്ളക്കടത്ത് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിനുപിന്നാലെ നടന്ന അപകടത്തിൽ ദുരൂഹത സംശയിക്കുകയാണ് കസ്റ്റംസ്.
അർജുൻ നടത്തിയ കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് നിർണായക വിവരം നൽകേണ്ട വ്യക്തിയാണ് അപകടത്തിൽ മരിച്ചത്.
റമീസ് സഞ്ചരിച്ചിരുന്നത് അർജുൻ ആയങ്കിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ബൈക്കിലായിരുന്നു. അപകടമുണ്ടാക്കിയ കാർ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കസ്റ്റംസ് സംശയിക്കുന്ന ദുരൂഹത അപകടത്തിൽ ഉണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
റമീസ് അമിതവേഗത്തിലെത്തി കാറിൽ ഇടിച്ചെന്നാണ് പോലീസിനു ലഭിക്കുന്ന പ്രാഥമിക മൊഴി. കണ്ണൂർ തളാപ്പ് സ്വദേശി അശ്വിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.