തിരുവാർപ്പ്: കാൽവഴുതി മീനച്ചിലാറ്റിൽ വീണ ഏഴു വയസുകാരിയെ പതിനഞ്ചുകാരൻ അതിസാഹസികമായി രക്ഷപ്പെടുത്തി.
സഹോദരനോടൊപ്പം ഇന്നലെ വൈകുന്നേരം 5.30ന് കടയിൽപ്പോയി മടങ്ങവേ വെള്ളത്തിൽ വീണ രമീഷയെ പത്താംക്ലാസ് വിദ്യാർഥിയായ കാശിനാഥാണ് രക്ഷപ്പെടുത്തിയത്. തിരുവാർപ്പ് തട്ടാർ കാട് മാലത്തുശേരി ഭാഗത്തായിരുന്നു സംഭവം.
പുഴയിൽ വീണ അനുജന്റെ ചെരുപ്പെടുക്കാനുള്ള ശ്രമത്തിലാണ് കുമരകം എസ്കെഎം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയായ രമീഷ നിലയില്ലാകയത്തിൽ വീണത്. കൂടെയുണ്ടായിരുന്ന കുട്ടികൾക്ക് അപകടം തിരിച്ചറിയാനായില്ല.
സൈക്കിളിൽ അവിടെത്തിയ കാശിനാഥ് കൈകാലിട്ടടിക്കുന്ന കുട്ടിയെക്കണ്ട് ആറ്റിൽചാടി രക്ഷിക്കുകയായിരുന്നു.
ആഴക്കൂടുതലും ചതുപ്പും കാരണം കരയ്ക്കുകയറാൻ ബുദ്ധിമുട്ടിയപ്പോൾ ഓടിയെത്തിയ സുഹൃത്ത് ആരോമലിന്റെ സഹായത്തോടെയാണ് കുട്ടിയെ രക്ഷിച്ചത്.
തിരുവാർപ്പ് പരപ്പേൽ രഞ്ജീവ് – രമ ദന്പതികളുടെ മകനാണ് കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ വിദ്യാർഥിയാണ് കാശിനാഥ്.
സ്വജീവൻ പണയംവച്ച് ആറ്റിൽ ചാടി സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തിയ കാശിനാഥിന്റെ മാതൃകാപരമായ പ്രവൃത്തിയെ അനുമോദിച്ച് തിരുവാർപ്പ് ടി.കെ. മാധവൻ ട്രസ്റ്റിന്റെ പ്രവർത്തകർ വീട്ടിലെത്തി കാശിനാഥിനെ പൊന്നാടയണിയിച്ച് അനുമോദിച്ചു. മാലത്തുശേരി ഷാമോൻ- സജിന ദന്പതികളുടെ മകളാണ് രമീഷാ.