എറവ്: നിത്യജീവിതത്തിലെ ഉപയോഗശേഷം നാം വേണ്ടെന്നുവയ്ക്കുന്ന പല വസ്തുക്കളും വിലകൊടുത്തു വാങ്ങി നിധിപോലെ സൂക്ഷിച്ചുവയ്ക്കുന്ന ഒരാളുണ്ട് എറവ് ആറാംകല്ലിൽ. കാരാമൽ രമേഷ് അരവിന്ദാണു തന്റെ വീട്ടിൽ കാഴ്ചകളുടെ വിസ്മയം തീർക്കുന്നത്.
മലയാളത്തിൽ ആദ്യം അച്ചടിച്ച പുസ്തകങ്ങൾ ഉൾപ്പെടെ പതിനായിരത്തോളം പുസ്തകങ്ങളുടെ ശേഖരമുണ്ട് രമേഷിന്റെ പക്കൽ. 1844ൽ കോട്ടയം സിഎംഎസ് പ്രസിൽ അച്ചടിച്ച അമരസിംഹം, മാർത്താണ്ഡവർമ്മ, ധർമരാജ മുതലായ പുസ്തകങ്ങളുടെ ആദ്യപതിപ്പുകളും ഇതിൽപ്പെടും.
ഇന്ത്യനും വിദേശിയുമായി ആയിരക്കണക്കിനു നാണയങ്ങൾ, കറൻസികൾ, സ്റ്റാന്പുകൾ, പലവിധത്തിലുള്ള ടൈപ്പ് റൈറ്ററുകൾ, നൂറിൽപരം വർഷം പഴക്കമുള്ള നാലു ഗ്രാമഫോണുകൾ, 50ൽപരം വ്യത്യസ്ത മോഡൽ റേഡിയോകൾ എന്നിവയും രമേഷിന്റെ അലമാരയെ അലങ്കരിക്കുന്നു. കാലുകൊണ്ടുപ്രവർത്തിപ്പിക്കുന്ന ഹാർമോണിയം, പഴയകാല ടെലിഫോണുകൾ, റാന്തൽ വിളക്കുകൾ, പ്രതിമകൾ, വിദേശ നിർമിത വിളക്കുകൾ എന്നിവയും കൂട്ടത്തിലുണ്ട്.
300ൽപരം വാച്ചുകൾ, 50ൽപരം കാമറകൾ, ഒരു പെട്ടി നിറയെ പഴയ മോഡൽ മൊബൈൽ ഫോണുകൾ, നൂറിൽപരം വർഷം പഴക്കമുള്ള പാത്രങ്ങൾ, വാൽവ് റേഡിയോ, പുരാതന അളവുതൂക്ക ഉപകരണങ്ങൾ, സിനിമാ പ്രോജക്ടറുകൾ, ഫിലിം റീലുകൾ തുടങ്ങി വിസ്മയങ്ങളുടെ കൂടാരമാണു രമേഷിന്റെ വീട്.
വീട്ടിലെ സ്ഥലപരിമിതി മൂലം കുറേ സാധനങ്ങൾ ഒഴിവാക്കിയെന്നും രമേഷ് പറഞ്ഞു. കടകളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണം നൽകിയാണ് ഇതെല്ലാം രമേഷ് സ്വന്തമാക്കിയിട്ടുള്ളത്. ജയ്പൂരിൽനിന്നുള്ള ക്ലോക്കും കൂട്ടത്തിലുണ്ട്. തൃശൂരിൽ കണ്‍സൾട്ടൻസി സ്ഥാപനം നടത്തുന്ന രമേഷിനു ശേഖരങ്ങളെ സൂക്ഷിക്കാൻ സർവ പിന്തുണയും നൽകുന്നതു ഭാര്യ രാഖിയും മകൾ ഋതുപത്മയുമാണ്.
കവിതാ ലോകത്തും സജീവമാണ് രമേഷ് അരവിന്ദ്. നൂറിൽപരം കവിതകൾ ഇതിനകം രചിച്ചിട്ടുണ്ട്. ഓണ്‍ലൈൻ സാഹിത്യ ഗ്രൂപ്പുകളിൽനിന്നു നിരവധി അംഗീകാരങ്ങൾ ഈ കലാകാരനെത്തേടി എത്തിയിട്ടുണ്ട്. മുംബൈയിൽവച്ചു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കൈയൊപ്പിട്ട് നേരിട്ടു നൽകിയ പുസ്തകവും രമേഷ് നിധിപോലെ സൂക്ഷിക്കുന്നു.