ചെങ്ങന്നൂര്‍: കേരളത്തിലെ ജനങ്ങളുടെ സത്യസന്ധമായ സര്‍വ്വേഫലം യുഡിഎഫിന് അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.മുരളിയുടെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം തല കണ്വന്ഷന് വൈഎംസിഎ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടികളുടെ പരസ്യതുക കൈപ്പറ്റിയവര്‍ പ്രത്യുപകാരമായിട്ടാണ് തെറ്റായ സര്‍വ്വേഫലം പുറത്തു വിടുന്നത്.
എംഎല്‍എ സ്ഥാനത്തിന്റെ റോള്‍മോഡലാണ് എം.മുരളി. എല്ലാ വിഭാഗം ആളുകളും അംഗീകരിച്ച ജനപ്രതിനിധിയാണ് എം.മുരളി.
തെരഞ്ഞെടുക്കപ്പെട്ടാല്‍ നാളെകളില്‍ ആര്‍ക്കും ദുഃഖിക്കേണ്ടിവരില്ല. ഓരോ ദിവസവും ഇടതു സര്‍ക്കാരിന്റെ ഓരോ അഴിമതിക്കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേരള ജനതയെ വഞ്ചിച്ച സര്‍ക്കാരാണിത്.
കൂട്ടുകെട്ട്
ബാലശങ്കറിന്റെ പ്രസ്താവന കേരളത്തെ ഞെട്ടിച്ചു. സിപിഎം- ബിജെപി രഹസ്യ കൂട്ടുകെട്ട് ഇതോടെ വ്യക്തമായി.
ഇടതു മുന്നണിക്ക് തുടര്‍ ഭരണവും ബിജെപിയ്ക്ക് 10 സീറ്റ് എന്നതാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. നേമത്ത് കെ.മുരളീധരനെപ്പോലെ ശക്തനായ സ്ഥാനാര്‍ഥിയെ സിപിഎം മത്സരിപ്പിക്കാത്തത് കൂട്ടുകെട്ടിലെ ധാരണയാണ്.
ധാരണ പ്രകാരം പല സീറ്റുകളിലും പരസ്പരം അശക്തരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുമുണ്ട്. സിപിഎം ശതകോടീശ്വരന്മാരെ മത്സരിപ്പിക്കുമ്പോള്‍ പശുവിനെ വളര്‍ത്തി പാല് വിറ്റ് ഉപജീവനം കഴിയുന്ന അരിത ബാബുവിനെ പോലെയുള്ളവരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ.
ശബരിമല സ്ത്രീ പ്രവേശനത്തില്‍ ഇടതു സര്‍ക്കാര്‍ എടുത്ത നിലപാടില്‍ ദേവസ്വം മന്ത്രി ഖേദപ്രകടനം നടത്തുമ്പോള്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ശരിയാണെന്നാണ് സിപിഎം ദേശീയ സെക്രട്ടറി വ്യക്തമാക്കുന്നത്.
ശബരിമല
സ്ത്രീ പ്രവേശനത്തില്‍ ഇടതു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം നല്കാന് മുഖ്യമന്ത്രി തയാറാണോ എന്ന് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.
മുഖ്യമന്ത്രിയുടേത് അഴകൊഴമ്പന്‍ നയമാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനകം ശബരിമല വിഷയത്തില്‍ പ്രത്യേക നിയമ നിര്‍മ്മാണം നടത്തും.
നരേന്ദ്രമോദി ആകാശം വില്ക്കാന് ശ്രമിക്കുമ്പോള്‍ പിണറായി വിജയന് കടല്‍ വില്‍ക്കാനാണ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.