തിരുവനന്തപുരം: ശബരിമലയില്‍ കാണുന്നത് കേരളത്തിന്റെ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ വികാരം തിരിച്ചറിയാന്‍ മുഖ്യമന്ത്രിയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പിണറായി ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നും ചെന്നിത്തല വ്യക്തമാക്കി. തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും യുവതി പ്രവേശത്തിനെതിരാണ്. പുനപരിശോധന ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് നിലപാട് പരിഹാസ്യമാണ്. ഒരു നിലപാടിലും ഉറച്ച് നില്ക്കാന് ദേവസ്വം ബോര്‍ഡിനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് തന്റെ നിലപാടെന്നും ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ല, മറിച്ച് ഭരണഘടന ഭേദഗതിയിലൂടെയേ വിധിയെ മറികടക്കാനാകൂയെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനത്തില്‍ പിന്നോട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു.
സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ നിലപാടിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ചെന്നിത്തലയുടെ മറുപടി