തൃശൂർ: സർക്കാരിന്റെ ധൂർത്തിനും അഴിമതിക്കും ഒരു കുറവുമില്ലെന്നും തകർന്നടിഞ്ഞ സാന്പത്തിക സ്ഥിതിയെക്കുറിച്ച് യുഡിഎഫ് 13ന് ധവളപത്രമിറക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി തോമസ് ഐസക് പൂർണ പരാജയമാണ്. കേരള ചരിത്രത്തിൽ ഇതുവരെ കാണാത്ത ഗുരുതര സാന്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ട്രഷറികൾ അടച്ചു പൂട്ടേണ്ട സാഹചര്യമാണ്. നികുതി കുടിശിക പിരിച്ചെടുക്കാൻ ഒരു നടപടിയുമെടുക്കുന്നില്ല. പാഴ്ചെലവുകൾ നിയന്ത്രിക്കുന്നില്ല.
കിഫ്ബി അഴിമതി കൂടാരമായി മാറി. കോളജ് യൂണിയൻ ചെയർമാൻമാരെ ലണ്ടനിലേക്ക് അയക്കാനുള്ള നീക്കവും ധൂർത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുപയോഗിക്കേണ്ട പണമാണ് ഇത്തരത്തിൽ ധൂർത്തടിക്കുന്നത്. കേരളത്തിൽ അടുത്തകാലത്ത് ഇത്തരത്തിലൊരു പ്രതിസന്ധിയുണ്ടായിട്ടില്ല. കേരളത്തിന് ലഭിക്കേണ്ട ജിഎസ്ടി കോന്പൻസേഷൻ ലഭിക്കേണ്ടതു തന്നെയാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനം നടത്തി പണം ധൂർത്തടിച്ചതല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല. ജപ്പാനിലെ യൂണിവേഴ്സിറ്റികൾ തമ്മിൽ കരാർ ഉണ്ടാക്കുന്നതിന് ഒരു മുഖ്യമന്ത്രി അവിടെ പോകേണ്ട കാര്യമില്ല. കേരളത്തിലെയും ജപ്പാനിലെയും രജിസ്ട്രാർമാർ തമ്മിൽ സംസാരിച്ച് കരാർ ഉണ്ടാക്കാവുന്നതേയുള്ളൂ.
ഡൽഹിയിലുള്ള തോഷിബ ആനന്ദ് എംഡിയെ കാണാൻ ജപ്പാനിൽ പോകേണ്ട കാര്യമുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഇതുവരെ നടത്തിയ വിദേശയാത്രകൾകൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല. നൂറു കോടി രൂപ നിക്ഷേപം വരുമെന്ന് പറയുന്നതും വെറും വാഗ്ദാനം മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരേ 12ന് യുഡിഎഫ് സെക്രട്ടറിയേറ്റ് മാർച്ചും കളക്ടറേറ്റ് മാർച്ചുകളും നടത്തും. കേരള കോണ്ഗ്രസിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഒന്നിച്ചു പോകാനുള്ള ചർച്ചകൾ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.