മുക്കം: കൊലപാതക ശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് കാരാളിപറമ്പ് സ്വദേശി പാറപ്പുറത്ത് രമേശിനെ (42) യാണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടത്.
രമേശിനെ ഇന്ന് പുലർച്ചെ നാലോടെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് വിട്ടിൽ നിന്ന് 100 മീറ്റർ മാറി പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
കഴിഞ്ഞ സെപ്റ്റംബർ 13ന് പുലർച്ചെയാണ് രമേശനെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തൊട്ടടുത്ത കിണറിൽ തള്ളിയത്. ജീവിതത്തിനും മരണത്തിനുമിടയിൽ മണിക്കൂറുകൾ കഴിച്ചുകൂട്ടിയ രമേശൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏറെ നാളത്തെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രമേശന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കളും അയൽക്കാരുമുൾപ്പെടെഅഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത് പോലീസ് ചമച്ച കള്ളക്കേസാണന്ന ആരോപണവുമായി പിടിയിലായവരുടെ രക്ഷിതാക്കളും രംഗത്തുവന്നു.
തുടക്കം മുതൽ തന്നെ ഏറെ ദുരൂഹതയുള്ള ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും വിജിലൻസിനും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് രമേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട ദുരൂഹതയും തുടരുകയാണ്.രമേശന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് പോലീസ് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.