നിയാസ് മുസ്തഫ
കർണാടകയിൽ ബി.എസ് യെദ്യൂരപ്പയ്ക്ക് താങ്ങും തണലുമായിനിന്ന രമേഷ് ജാർക്കിഹോളി ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തിയേക്കും. ഉപതെരഞ്ഞെടുപ്പിൽ 15ൽ 12സീറ്റുകളും നേടി ശക്തി തെളിയിച്ച മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മന്ത്രിസഭാ വികസനത്തിലേക്ക് കടക്കുകയാണ്. ആദ്യപടിയായി കേന്ദ്രനേതാക്കളെ കാണാൻ യെദ്യൂരപ്പ ഡൽഹിയിലേക്ക് തിരിക്കും. കേന്ദ്രനേതാക്കളുടെ കൂടി അഭിപ്രായം പരിഗണിച്ചശേഷം മന്ത്രിസഭാ വികസനം വേഗത്തിലാക്കാനാണ് നീക്കം.
കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കാൻ ബിജെപിയോടൊപ്പം ചേർന്ന് 17 കോൺഗ്രസ്-ജെഡിഎസ് എം എൽഎമാരെ അടർത്തിമാറ്റാൻ ചുക്കാൻ പിടിച്ച കോൺഗ്രസിന്റെ എംഎൽഎ ആയിരുന്നു രമേഷ് ജാർക്കിഹോളി. ഇതിനുള്ള പ്രത്യുപകാരമായിട്ടാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഇദ്ദേഹത്തിന് നൽകുക. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചവരെയെല്ലാം മന്ത്രിമാരാക്കുമെന്ന് ബി.എസ് യെദ്യൂരപ്പ ഇന്നലെ വ്യക്തമാക്കിയിരുന്നു.
കൂറുമാറിയെത്തിയ 13പേരെയാണ് ബിജെപി വീണ്ടും ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. കൂറുമാറിയ 17എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയെങ്കിലും സുപ്രീംകോടതിയുടെ അനുമതി നേടിയാണ് വിമത എംഎൽഎമാർ ബിജെപി സ്ഥാനാർഥികളായി മത്സരിച്ചത്. മത്സരിച്ച 13ൽ 11പേരും വിജയം കണ്ടുവെന്നത് കോൺഗ്രസിനെയും ജെഡിഎസിനെയും ഒരുപോലെ അദ്ഭുതപ്പെടുത്തുന്നുണ്ട്.
കർണാടകയിൽ 105സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാരുണ്ടാക്കാൻ കഴിയാതെ പോയ ബി.എസ് യെദ്യൂരപ്പ നടത്തിയ അട്ടിമറി രാഷ്ട്രീയം കർണാടകയിലെ ജനങ്ങൾ അംഗീകരിച്ചുവെന്നതിന്റെ തെളിവുകൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം.
225 അംഗ കർണാടക നിയമസഭയിൽ 118 സീറ്റായി ബിജെപിയുടെ അംഗസംഖ്യ ഇപ്പോൾ ഉയർന്നിരിക്കുകയാണ്. കോൺഗ്രസ്-68, ജെഡിഎസ്-34, മറ്റുള്ളവർ-02 എന്നിങ്ങനെയാണ് സീറ്റു നില. കേവലഭൂരിപക്ഷത്തിനുവേണ്ട 113 എന്ന സംഖ്യ ബിജെപി ഒറ്റയ്ക്കു കടന്നിരിക്കുന്നു.
ബിജെപിയിലേക്ക് കൂറുമാറിയ രണ്ട് എംഎൽഎമാരുടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. മസ്കി, ആർ ആർ നഗർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. കർണാടക ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് ഉപതെരഞ്ഞെടുപ്പ് ഇവിടെ മാറ്റിവച്ചത്.
അതേസമയം, ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതോടെ കോൺഗ്രസിനുള്ളിലും ചില അഴിച്ചുപണികൾ വരികയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം സിദ്ധരാമയ്യയും പാർട്ടി അധ്യക്ഷൻ പദം ദിനേശ് ഗുണ്ടുറാവുവും ഇന്നലെ രാജിവച്ചിരുന്നു. നിലവിലെ സൂചനയനുസരിച്ച് ഡി.കെ ശിവകുമാർ പ്രതിപക്ഷ നേതാവായി വരും. സിദ്ധരാമയ്യയെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മാറ്റും.