ആലുവ: കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ പിടിയിലായത് രാജ്യാന്തര ബന്ധമുള്ള ശ്രീലങ്കൻ അധോലോക നായകൻ.
അന്താരാഷ്ട്രവിമാനത്താവള പരിസര പ്രദേശങ്ങളായ അത്താണി, കിടങ്ങൂർ എന്നിവിടങ്ങളിൽ തമിഴ്നാട് തീവ്രവാദവിരുദ്ധ സേനയും ക്യു ബ്രാഞ്ച് സംഘവും എറണാകുളം റൂറൽ ജില്ലാ പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ശ്രീലങ്കയിലെ കൊളംബോ സ്വദേശികളായ സുരേഷ് രാജും രമേഷും അറസ്റ്റിലാകുകയായിരുന്നു.
സഹോദരങ്ങളായ ഇവരെ നെടുമ്പാശേരിയിലെ എടിഎസ് കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തതിൽ നിന്നാണ് അധോലോക ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
തമിഴ്നാട് സ്വദേശിയെന്ന വ്യാജേന അത്താണി തേയ്ക്കാനത്ത് വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന രമേഷിനെ റൂറൽ എസ്പി കെ. കാർത്തികിന്റെ നേതൃത്വത്തിൽ നെടുമ്പാശേരി പോലീസാണ് അറസ്റ്റ് ചെയ്തത്.
കിടങ്ങൂരിൽനിന്നും ഇയാളുടെ സഹോദരൻ സുരേഷ് രാജും പിടിയിലായി. ഇയാളെ ഇന്റർപോൾ തെരച്ചിൽ സർക്കുലർ പുറപ്പെടുവിച്ച് അന്വേഷിച്ചു വരികയായിരുന്നു.
ശ്രീലങ്കൻ അധോലോകത്തിലെ പ്രധാനിയായ സുരേഷിനെ തേടിയാണ് തമിഴ്നാട് പോലീസ് സംഘമെത്തിയത്. ശ്രീലങ്കയിൽ കോളിളക്കമുണ്ടാക്കിയ ഒരു കൊലക്കേസിൽ പ്രതിയായതിനെത്തുടർന്നാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്.
വർഷങ്ങളായി തമിഴ്നാട് സ്വദേശികൾ എന്ന പേരിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി അവിടെ താമസിച്ചു വരികയായിരുന്നു.
സുരേഷ് തമിഴ്നാട്ടിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ശ്രീലങ്കൻ പോലീസ് ക്യൂ ബ്രാഞ്ചിന്റെ സഹായം തേടി. പിടിയിലാകുമെന്നുറപ്പായതോടെ ഇയാൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു.
നെടുമ്പാശേരിയിലെത്തിയ സഹോദരൻ രമേഷിന്റെ നീക്കങ്ങളിലൂടെയാണ് സുരേഷിനെ കുടുക്കിയത്. ഇരുവരും യാത്രാ രേഖകളുടെ കാലാവധി കഴിഞ്ഞ ശേഷവും നധികൃതമായി കേരളത്തിൽ തങ്ങി വരികയായിരുന്നു.
തമിഴ്നാട് തീവ്രവാദ വിരുദ്ധ സേനയും ക്യു ബ്രാഞ്ച് സംഘവും ദിവസങ്ങളായി തമ്പടിച്ച് നെടുമ്പാശേരി പോലീസിന്റെ സഹായത്തോടെയാണ് അന്താരാഷ്ട്ര അധോലക സംഘത്തിലെ പ്രധാനിയായ സുരേഷിനെ കുടുക്കിയത്.
ഇയാളെ തമിഴ്നാട് പോലീസ് കൂടുതൽ അന്വേഷണങ്ങൾക്കായി കൊണ്ടുപോയി. നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്ത രമേഷിനെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തമിഴ്നാട് പോലീസിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനധികൃതമായി തങ്ങി വരുന്നവരെക്കുറിച്ച് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് രാഷ്ട്രദീപികയോട് പറഞ്ഞു.
വീടെടുത്ത് കൊടുത്തവരും കുടുങ്ങും
നെടുമ്പാശേരി: അങ്കമാലി, നെടുമ്പാശേരി മേഖലകളില്‍ നിന്നായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽപ്പെട്ട മൂന്ന് പേരെപിടിക്കൂടിയ സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) സംസ്ഥാന പോലീസും അന്വേഷണം വ്യാപിപ്പിക്കുന്നു.
കേരളത്തിൽ ഇവർ താമസം തുടങ്ങിയതിനു ശേഷം നേരിട്ടും ഫോണ്‍ മുഖേനയും ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് സംസ്ഥാന പോലീസും എടിഎസും പ്രധാനമായും അന്വേഷണം നടത്തുന്നത്.സംഭവത്തിൽ പ്രതികൾക്ക് അത്താണിയിലും കിടങ്ങൂരിലും വീടുകൾ വാടകയ്ക്ക് എടുത്ത് കൊടുത്ത ഏജന്റുമാർ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. സുരേഷ് രാജ്, ശരവണന്, രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്.
വിദേശത്തേക്ക് തുണി കയറ്റുമതിയെന്ന് പറഞ്ഞാണ് വീടുകൾ വാടകയ്ക്ക് എടുത്തിരുന്നത്. കിടങ്ങൂരിൽ 25,000 രൂപയ്ക്കും അത്താണിയിൽ 20,000 രൂപയ്ക്കുമായിരുന്നു ഇവർ വീടുകൾ വാടകയ്ക്ക് എടുത്തിരുന്നത്.