കാഞ്ഞാണി: പിണറായി വിജയൻ ഭരിക്കുന്ന കാലത്ത് കാളയും പ്രസവിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “ബാക്കി ഞാൻ നിയമസഭയിൽ പറയാം’. കാഞ്ഞാണി ബസ് സ്റ്റാൻഡിൽ ഡിസിസി പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച രാപ്പകൽ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നടിയുടെ സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭിപ്രായത്തെ താൻ വിമർശിച്ചതുകൊണ്ട് കാള പെറ്റു എന്ന് കേള്ക്കുമ്പോഴേക്കും രമേശ് ചെന്നിത്തല കയർ എടുക്കുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിക്കുന്നു. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം എന്റെ കയ്യിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
നെൽകൃഷി വർഷാചരണം ആചരിക്കുന്ന ഈ കാലത്ത് ഉള്ള നെൽകൃഷി പോലും സംരക്ഷിക്കാതെ ഉപ്പുവെള്ളം കയറ്റി കരിച്ചുണക്കുകയാണ്. സംസ്ഥാനത്തെ വരൾച്ചാ ബാധിതമായി സർക്കാർ പ്രഖ്യാപിച്ചിട്ട് നാലുമാസം കഴിഞ്ഞു. കുടിവെള്ള വിതരണകാര്യം നോക്കാൻ കളക്ടർമാരോട് പറഞ്ഞതല്ലാതെ വരൾച്ച നേരിടാനുള്ള കാര്യങ്ങൾ ജില്ലതോറും മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടില്ല. നെല്ലും തെങ്ങും നാണ്യവിളകളും റബറും വളർച്ചയിൽ നശിക്കുകയാണ്.
കേരളത്തിന് കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ട് കിട്ടാൻ സർവകക്ഷിയോഗം വിളിച്ച് കേന്ദ്രത്തിൽ നിവേദനം കൊടുക്കാൻ പോലും സംസ്ഥാന സർക്കാർ തയാറായിട്ടില്ലെന്നു ചെന്നിത്തല കുറ്റപ്പെടുത്തി. തൃശൂർ കോൾ മേഖലയിൽ 28 കോടി രൂപയുടെ കൃഷിനാശം ഉണ്ടായിട്ടുപോലും ഏക്കറിന് വെറും 5000 രൂപ നൽകാമെന്നാണ് കൃഷിമന്ത്രി പറഞ്ഞത്. കർഷകരുടെ പെൻഷൻ പോലും ഇതുവരെ കൊടുത്തിട്ടില്ല.
കേരളം കണ്ടതിൽ വച്ച് ഏറ്റവും കാര്യക്ഷമത കുറഞ്ഞതും ഉത്തരവാദിത്വമില്ലാത്തയാളുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യക്ഷമത ഇല്ലാത്ത മന്ത്രിമാരും ഭരണകൂടവും അധികാരത്തിലെത്തിയാൽ ഇതും അതിനപ്പുറവും സംഭവിക്കും.
കൃഷിനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാഞ്ഞാണി ബസ് സ്റ്റാൻഡിൽ രാപ്പകൽ ഉപവാസസമരം നടത്തുന്ന ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, പി.കെ. രാജൻ എന്നിവരെ പാളത്തൊപ്പിയും ഷാളും രമേശ് ചെന്നിത്തല അണിയിച്ചു.
അന്തിക്കാട് മേഖലയിൽ ജൈവവളമിട്ട് ഉത്പാദിപ്പിച്ച ചുവന്നുള്ളികൊണ്ട് ഉണ്ടാക്കിയ ബൊക്കെ നൽകിയാണ് രമേശ് ചെന്നിത്തലയെ സ്വീകരിച്ചത്. ടി.എൻ.പ്രതാപൻ എംഎൽഎ അധ്യക്ഷനായിരുന്നു.കെ.കെ. കൊച്ചുമുഹമ്മദ് ആമുഖപ്രഭാഷണം നടത്തി. ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.ഐ.സെബാസ്റ്റ്യൻ, മുൻ എംഎൽഎ ടി.യു.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മുൻ മന്ത്രി കെ.പി.വിശ്വനാഥൻ, മുൻ എംഎൽഎമാരായ പി.എ. മാധവൻ, എം.പി. വിൻസന്റ്, ടി.വി. ചന്ദ്രമോഹൻ, മുൻ കോർപറേഷൻ മേയർ ഐ.പി. പോൾ, കെപിസിസി ജനറൽ സെക്രട്ടറി എം.പി.ജാക്സൻ, ജോസഫ് ചാലിശേരി, എം.പി.ഭാസ്കരൻ നായർ ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് വി.ജി.അശോകൻ അധ്യക്ഷനായിരുന്നു.