പാലക്കാട്: വാളയാർ അട്ടപ്പള്ളത്തു ദുരൂഹസാഹചര്യത്തിൽ രണ്ടു പിഞ്ചു പെണ്‍കുട്ടികൾ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികൾ പോലീസും സംസ്ഥാന സർക്കാരുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരൂഹസാഹചര്യത്തിൽ മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാളയാർ സംഭവത്തിൽ മൂന്നുതവണയാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത്. ഇതു കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടാവുന്നത്. ഒരിക്കൽ പോലും ഇതു സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. സംഭവം നിയമസഭയിൽ ഉന്നയിച്ചപ്പോൾ എസ്ഐയെ സസ്പെൻഡു ചെയ്തുവെന്നാണു മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.
എന്നാൽ ഇതിനു പിന്നിൽ പ്രവർത്തിച്ച, കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച എല്ലാ പോലീസുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മൂത്ത പെണ്‍കുട്ടി മരിച്ച സംഭവത്തിൽ അന്വേഷണം ശരിരായ രീതിയിൽ ആയിരുന്നെങ്കിൽ രണ്ടാമത്തെ പെണ്കുഞ്ഞു മരിക്കില്ലായിരുന്നു.
കേസിൽ ആദ്യം പിടിയിലായ പ്രതികളെ ആരാണു സംരക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചു കൊണ്ടിരിക്കുന്നത്. എസ്ഐയെ സസ്പെന്റ് ചെയ്തതു കൊണ്ടു മാത്രം കാര്യമില്ല. അന്വേഷണം ശക്തമാക്കി യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
മനഃസാക്ഷിയെ ഞെട്ടിക്കുന്ന വേദനാജനകമായ സംഭവമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പിഞ്ചോമനകളുടെ വേർപാടുമൂലം ദുരന്തമുണ്ടായ കുടുംബത്തിന് ആവശ്യമായ സാന്പത്തികസഹായം സർക്കാർ നൽകണം. ദളിത് കുടുംബത്തിന് അർഹമായ നീതി ലഭിക്കണമെന്നും ഇവരെ സംരക്ഷിക്കാൻ സർക്കാർ തയാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇന്നലെ വൈകീട്ടോടെയാണു പ്രതിപക്ഷ നേതാവ് അട്ടപ്പളത്തെ പെണ്‍കുട്ടികളുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചത്. സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ, മുൻ എംപി വി.എസ്. വിജയരാഘവൻ, ലതികാ സുഭാഷ് എന്നിവരും ചെന്നിത്തലയ് ക്കൊപ്പം ഉണ്ടായിരുന്നു.