തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഓഫീസിനും സ്പീക്കർ ശ്രീരാമകൃഷ്ണനും എതിരെ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് ഇഡിക്ക് നൽകിയ മൊഴി ഞെട്ടിപ്പിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഭരണഘടനപരമായി ഉയർന്ന സ്ഥാനത്തിരിക്കുന്ന സ്പീക്കർ തന്നെ ദുരുദ്ദേശത്തോടെ സമീപിച്ചെന്നും അദ്ദേഹത്തിന് ബിനാമി പേരിൽ ഫ്ളാറ്റുണ്ടെന്നുമുള്ള സ്വപ്നാ സുരേഷിന്റെ മൊഴി ഇഡി ഹൈക്കോടതിയിൽ റിപ്പോർട്ടായി സമർപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെയും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും നേതൃത്വത്തിൽ ഗൂഢസംഘം പ്രവർത്തിച്ചിരുന്നുവെന്ന റിപ്പോർട്ടിലെ പരാമർശവും അതീവ ഗുരുതരമാണ്. സ്വർണക്കള്ളടത്ത് കേസ്
പിടിക്കപ്പെട്ട നാളുമുതൽ പ്രതിപക്ഷം നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നതാണ് ഇതെല്ലാം.
യുഎഇ കോണ്ലേറ്റിൽ നിന്ന് രാജിവച്ച വിവരം താൻ മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ഓഫീസിലെത്തി പറഞ്ഞിരുന്നു എന്ന സ്വപ്നയുടെ മൊഴിയോടെ ഇത്രയും നാൾ മുഖ്യമന്ത്രി പറഞ്ഞതു പച്ചക്കള്ളമാണെന്ന് വീണ്ടും തെളിഞ്ഞു.
സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി ഒരു ഉളപ്പുമില്ലാതെ പറഞ്ഞത്.
താൻ പറഞ്ഞത് നുണയാണെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ സമ്മതിക്കണമെന്നും ചെന്നിത്തല പറഞ്ഞു.