തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഭൂരിപക്ഷ വർഗീയ പ്രീണനത്തിനുള്ള ശ്രമം പിണറായി വിജയൻ നടത്തുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി വിജയൻ എന്ന വിഗ്രഹം ഉടഞ്ഞെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയിലെ ജനങ്ങളെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അവരാരും സ്വർണക്കള്ള കടത്തുകാരല്ലെന്നും സ്വർണ കള്ളക്കടത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിവാദ അഭിമുഖത്തിലെ പിആർ ഏജൻസി ഇടപെടൽ എന്ന വിവാദത്തിലും ചെന്നിത്തല പ്രതികരിച്ചു. പി ആർ ഏജൻസി ഉണ്ടെന്ന് കാര്യത്തിൽ ഇപ്പോൾ ഏതാണ്ട് വ്യക്തത വന്നു. ആരാണ് ഈ പി ആർ ഏജൻസി, മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകണം. ഫേസ്ബുക്ക് പോസ്റ്റ് മാത്രം മതിയാകില്ല. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോ എന്ന് പിണറായി വ്യക്തമാക്കണം- രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം പി.വിഅൻവറിനെ യുഡിഎഫിലേക്ക് പ്രവേശിപ്പിക്കുമോ എന്നത് ഇപ്പോൾ പറയാൻ ആകില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇക്കാര്യത്തിൽ കൂട്ടായ ചർച്ചകളാണ് ആവശ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.