കോഴിക്കോട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്ക് ഇത് എന്ത് സംഭവിച്ചു എന്ന് ചെന്നിത്തല ചോദിച്ചു. രാഹുൽ ഗാന്ധിക്കെതിരേ പിണറായി വിജയൻ നടത്തിയ അധിക്ഷേപം മാപ്പ് ആർഹിക്കാത്ത കുറ്റമാണ്. ഇതിന് മറുപടി അർഹിക്കുന്നില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരേ സംസാരിച്ച് ബിജെപിയുടെയും മോദിയുടെയും കൈയടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കൊഞ്ഞനം കുത്തൽ അരോചകമായിപ്പോയി. വളരെ അരോചകവും വിചിത്രവുമായിരുന്ന കളിയാക്കൽ പരാമർശം പിൻവലിച്ച് പിണറായി നിരുപാധികം മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.