തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരും പ്രതിഷേധിക്കാൻ പാടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. രാഹുലിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ്.
സമരം നടത്തിയതിന്റെ പേരിൽ നേതാക്കളെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുന്ന നടപടി കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അടൂരിലെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ കൺന്റോൺമെന്റ് പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചു, കലാപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
നേരത്തെ, 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടിരുന്നു. തിരുവനന്തപുരം സിജെഎം, ജില്ലാ സെഷന്‍സ് കോടതികളാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
സംസ്ഥാനത്ത് പ്രവര്‍ത്തകരെ തുടര്‍ച്ചയായി പോലീസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.