തിരുവനന്തപുരം: തനിക്ക് ഒരു കാലത്തും എസ്എൻഡിപിയുമായി അസ്വാരസ്യമുണ്ടായിട്ടില്ലെന്നും എല്ലാ സമുദായങ്ങളുമായും എല്ലാ കാലത്തും ബന്ധം തുടരേണ്ടത് പാർട്ടിക്കും മുന്നണിയ്ക്കും അനിവാര്യമാണന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കെപിസിസി പ്രസിഡന്റായിരുന്ന കാലത്തും അതിന് മുമ്പും എസ്എൻഡിപി യോഗവുമായും പ്രവർത്തകരുമായും നല്ല ബന്ധമാണുള്ളത്. അത് ഇനിയും തുടരും. വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാനാവില്ലെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാ സമുദായങ്ങളും കേരള രാഷ്ട്രീയത്തിലും സമൂഹത്തിലും സുപ്രധാന പങ്ക് വഹിക്കുന്നവയാണ്. അവരെ ചേർത്തുപിടിക്കേണ്ടതും അവരുടെ പ്രവർത്തനങ്ങളെ ആദരിക്കേണ്ടതും അനിവാര്യമാണ്. നേതാക്കൾക്കിടയിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പറഞ്ഞു തീർക്കും. കോൺഗ്രസിൽ എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോവുക എന്നുള്ളതാണ് ലക്ഷ്യം- രമേശ് ചെന്നിത്തല പറഞ്ഞു.