മാനന്തവാടി: കോവിഡ് പ്രോട്ടോക്കോളിന്റെയും മറ്റും പേരില്‍ ഇടതു സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നടത്തിയ സൂത്രപ്പണികള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാരിന്റെ അരുതായ്മകള്‍ യുഡിഎഫ് വേണ്ടവിധത്തില്തന്നെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുമെന്നു ഐശ്വര്യ കേരള യാത്ര നയിച്ചു മാനന്തവാടിയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടാണ്. ശബരിമല വിഷയത്തില്‍ മൗനം പാലിക്കാന്‍ തീരുമാനിച്ചിരിക്കയാണ് രണ്ടു പാര്‍ട്ടികളും.
കേരളത്തിലെ ഭക്തജനങ്ങളെ അങ്ങേയറ്റം വേദനിപ്പിച്ചതാണ് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു ശബരിമലയിലുണ്ടായ സംഭവവികാസങ്ങള്‍.
മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും ഭക്തരെ മറയാക്കി രാഷ്ട്രീയ മുതലെടുപ്പിനു ബിജെപി നടത്തിയ ശ്രവുമാണ് ശബരിമലയെ കലാപഭൂമിയാക്കിയത്. ഇപ്പോള്‍ ശബരിമല വിഷയം മിണ്ടാന്‍പോലും ബിജെപിയും സിപിഎമ്മും ഭയക്കുകയാണ്.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലുള്ള റിവ്യൂ ഹരജി അടിയന്തരമായി പരിഗണിച്ചു തീര്‍പ്പാക്കണമെന്നു ആവശ്യപ്പെടാനും സത്യവാങ്മൂലം മാറ്റി നല്‍കാനും തയാറാണോ എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം.
പ്രശ്ന പരിഹാരത്തിനു പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുന്നതിനു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഒരുക്കമാണോയെന്നു ബിജെപി സംസ്ഥാന നേതൃത്വവും ജനങ്ങളോടു പറയണം.
ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടിലൂടെ ബിജെപിയെ വളര്‍ത്താനും കോണ്‍ഗ്രസിനെ തളര്‍ത്താനുമാണ് സിപിഎം ശ്രമിച്ചത്.
മുസ്ലിംലീഗിനെ ഒറ്റതിരിഞ്ഞു ആക്രമിക്കുകയാണ് സിപിഎം. ഭരണനേട്ടമായി ഒന്നും പറയാനില്ലാത്ത മുഖ്യമന്ത്രി തെരഞ്ഞടുപ്പ് അടുത്തപ്പോള്‍ വര്‍ഗീയക്കാര്‍ഡ് ഇറക്കി കളിക്കുകയാണ്.
ഉമ്മന്‍ചാണ്ടിയും താനും പാണക്കാട് പോയതിനെപോലും വര്‍ഗീയമായി ചിത്രീകരിച്ചു. നാലു വോട്ടിനുവേണ്ടി വര്‍ഗീയ ധ്രൂവികരണം നടത്തുന്നതു ആപത്കരമാണ്.
മതങ്ങളെ തമ്മിലടിപ്പിക്കാനും വിശ്വാസങ്ങളെ പരസ്പരം വെല്ലുവിളിപ്പിക്കാനുമുള്ള ആസൂത്രിത നീക്കം കേരള സമൂഹം അംഗീകരിക്കില്ല.
എല്‍ഡിഎഫ് ഭരണത്തില്‍ കടുത്ത അവഗണനയാണ് വയനാട് നേരിട്ടത്. അഞ്ചു വര്‍ഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തിയ ഗവ.മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ ഇടതു സര്‍ക്കാരിനായില്ല.
3,000 കോടി രൂപയുടെ പാക്കേജ് എവിടെപ്പോയെന്നു ആര്‍ക്കും അറിയില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ വയനാട് ഗവ.മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു പ്രഥമ പരിഗണന നല്‍കും.
ആയിരക്കണക്കിനു താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം പിഎസ്സി പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ഥികളോടുള്ള ക്രൂരതയും പൊറുക്കാനാകാത്ത വഞ്ചനയാണെന്നും ചെന്നിത്തല പറഞ്ഞു.