റയല്‍ മാഡ്രിഡിന്റെ നായകൻ സെർജിയോ റാമോസിനെ മലയാളി ട്രോളർമാർ വിളിക്കുന്നത് രാമേട്ടനെന്നും രമേശനെന്നും ഒക്കെയാണ്. രാമേട്ടന്റെ മികവിനെ പ്രശംസിച്ചുകൊണ്ട് ട്രോളുകൾ സൂപ്പർ ഹിറ്റായി സോഷ്യൽ മീഡിയകളിൽ ഓടുകയാണ്. നായകനാകാന്‍ താന്‍ എന്തുംകൊണ്ടും യോഗ്യനാണെന്ന് പ്രതിരോധത്തിലെ ഗോളടി വീരന് സെര്‍ജിയോ റാമോസ് ഓരോ മത്സരം കഴിയുമ്പോഴും തെളിയിക്കുകയാണ്.
ടീമിന് ആവശ്യമുള്ളപ്പോള്‍ ആ താരത്തിന്റെ തലയില്‍നിന്നോ കാലില്നിന്നോ പന്ത് എതിര് വലയിലേക്കു വെടിയുണ്ട കണക്കേ പാഞ്ഞെത്തും. ഗോള്‍ കൂടുതല്‍ തലയില്നിന്നായിരിക്കും വരുക.
റാമോസിന്റെ തല എത്രമാത്രം വിലമതിക്കുന്നതാണെന്ന് അത്ലറ്റിക്കോ മാഡ്രിഡിനും സെവിയ്യയ്ക്കും നന്നായി അറിയാം. 2013-14 ലിസ്ബണില്‍ നടന്ന ചാമ്പ്യന്‍സ് ഫൈനലില്‍ അത്ലറ്റിക്കോ മാഡ്രിഡിന്റെ കണ്ണീര് വീഴ്ത്തിയ ഗോള്‍ വന്നത് ഈ 30കാരനില്നിന്നായിരുന്നു.
അവസാനം വരെ ഒരു ഗോളിനു മുന്നില്‍നിന്ന അത്ലറ്റിക്കോയുടെ നെഞ്ചു പിളര്‍ന്നുകൊണ്ട് റാമോസിന്റെ 90+3-ാം മിനിറ്റിലെ ഹെഡര്‍ വലയില്‍ പറന്നിറങ്ങി. ലൂക്കാ മോഡ്രിച്ചിന്റെ കോര്‍ണര്‍ കൃത്യമായി റാമോസിന് ഉയര്‍ന്നു ചാടിയ റാമോസിന്റെ വെടിയുണ്ടകണക്കെയുള്ള ഹെഡര്‍ വല തുളച്ചു.
ഇതോടെ അത്ലറ്റിക്കോ തളര്‍ന്നു. പിന്നെ എക്സ്ട്രാ ടൈമില്‍ മൂന്നു ഗോളുകൂടിയടിച്ച് റയല്‍ കിരീടമുയര്‍ത്തി.പിന്നെ സെവിയ്യ 2016ലെ യുവേഫ സൂപ്പര്‍ കപ്പില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയലും യൂറോപ്പ ചാമ്പ്യന്മാരായ സെവിയ്യയും നോര്‍വേയില്‍ ഏറ്റുമുട്ടുന്നു. 90 മിനിറ്റ് വരെ സെവിയ്യ 2-1ന് മുന്നില്‍. ഇനി കളിതീരാന്‍ ഏതാനും മിനിറ്റുകൾ.
കളി ഇഞ്ചുറി ടൈമിലേക്കു കടന്നു. അതാ വീണ്ടും റാമോസിന്റെ ഹെഡര്‍. ഇത്തവണ ലൂകാസ് വാസ്ക്വസിന്റെ ക്രോസില്‍നിന്നാണ് സ്പാനിഷ് താരത്തിനു പാകത്തിനു ഹെഡര്‍ ലഭിച്ചത്. മാര്‍ക്ക് ചെയ്യാന്‍ നിന്നവരെ ഒഴിവാക്കി റാമോസ് വല കുലുക്കി. എക്സ്ട്രാ ടൈമില്‍ റയല്‍ വിജയഗോള്‍ നേടി.
2016-17 സീസണ് പരിശോധിച്ചാലും റാമോസ് എന്ന പ്രതിരോധ ഗോളടിക്കാന്റെ വില മനസിലാകും. ഒന്നാം സ്ഥാനത്തുള്ള റയലിനായി ഏഴു ഗോളുകളാണ് താരം സ്വന്തമാക്കിയത്. ഈ ഗോളുകളാണ് റയലിനെ ഒന്നാം സ്ഥാനതെത്തിച്ചത്. ഒരു കണക്കില്പറഞ്ഞാല് വിലയേറിയ ഒമ്പതു പോയിന്റാണ് റാമോസ് തനിയെ നേടിക്കൊടുത്തത്. റയലിന്റെ ഈ പ്രതിരോധക്കാരനില്ലെങ്കില് റയലിന് നിലവില്‍ മൂന്നാം സ്ഥാനത്തെത്താനേ സാധിക്കുമായിരുന്നുള്ളൂ. ഈ 2016-17 സീസണില്‍ പത്തു ഗോളുകളാണ് റാമോസ് സ്കോര്‍ ചെയ്തത്.
അവസാന മിനിറ്റുകളിലെ വിജയശില്പി
ഈ പേര് എന്തുകൊണ്ടും യോജിക്കുന്നത് റാമോസിനു തന്നെയാകും. ലാ ലിഗയുടെ മൂന്നാം ആഴ്ച ഒസാസുനയ്ക്കെതിരേ 5-2ന് ജയിച്ച മത്സരത്തിലാണ് റാമോസ് ഗോളടി തുടങ്ങിയത്. ഈ ഗോള്‍ ടീമിന്റെ അത്യാവശ്യഘട്ടത്തിലായിരുന്നു. പിന്നീടുള്ളതെല്ലാം നിര്‍ണയക സമയത്തായിരുന്നു. പല പ്രമുഖ സ്ട്രൈക്കര്‍മാരും ഗോളടിക്കാന്‍ മറക്കുമ്പോള്‍ എതിരാളികളുടെ കണ്ണ് വെട്ടിച്ച് എത്തുന്ന റാമോസ് വല കുലുക്കിയിട്ട് മടങ്ങും.
അഞ്ചാം ആഴ്ച വിയ്യാറയലിനെതിരേ സമനില പിടിച്ചതും റാമോസിന്റെ ഗോളായിരുന്നു. ഇതിനുശേഷം അഞ്ചാഴ്ചത്തോളം പരിക്കിനെത്തുടര്‍ന്ന് റയല്‍ നായകനു പുറത്തിരിക്കേണ്ടിവന്നു. തിരിച്ചെത്തിയത് സീസണിലെ പ്രഥമ എല്ക്ലാസിക്കോയിലേക്കും. ഡിസംബര്‍ മൂന്നിനു നടന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്സയുടെ വിജയമോഹങ്ങള്‍ തകര്‍ത്ത ഗോളും ഹെഡറില്നിന്നായിരുന്നു.
ഒരാഴ്ച കഴിഞ്ഞ് വീണ്ടും റാമോസ് റയലിന്റെ വിജയഗോളിനുടമായായി. ലാ ലിഗയില്‍ ഡിപ്പോര്‍ട്ടിവ ല കൊരുണയ്ക്കെതിരേ 92-ാം മിനിറ്റിലെ ഗോള്‍ റയലിന് 3-2ന് ജയമൊരുക്കി. മലാഗയ്ക്കെതിരേ 2-1ന് ജയിച്ച മത്സരത്തലെ രണ്ടു ഗോളും റാമോസില്നിന്ന്. ഇതോടെ റാമോസ് ലാ ലിഗയില്‍ 50 തികച്ചു. കോപ്പ ഡെല്‍ റേയില്‍ സെവിയ്യയോട് 3-1ന് പിന്നില്‍നിന്ന റയലിനെ റാമോസിന്റെ ഗോള്‍ സമനില പിടിക്കാനായി സഹായിച്ചു.
ആ സമനില റയലിനു 40 കളിയില്‍ തോല്‍വി അറിഞ്ഞിട്ടില്ലെന്ന സ്പാനിഷ് റിക്കാര്‍ഡ് നല്കി. സമനില ഗോള്‍ കരീം ബെന്സമയില്നിന്നായിരുന്നു. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നാപ്പോളയില്നടന്ന രണ്ടാം പാദത്തില്‍ റയലിന്റെ സമ്മര്‍ദങ്ങളെല്ലാം തീര്‍ത്ത് സമനിലയ്ക്കുള്ള ഗോള്‍ പിറന്നതും ഈ താരത്തിന്റെ തലയില്‍നിന്നായിരുന്നു.
രണ്ടാമത്തെ ഗോളിനു കാരണമായ ഹെഡര്‍ പോയതും സ്പെയിനിന്റെ ദേശീയതാരത്തില്നിന്ന് പന്ത് ഡ്രൈസ് മെര്‍ട്ടന്‍സിന്റെ തലയില്‍ തട്ടി സെല്‍ഫ് ഗോളാകുകയായിരുന്നുവെന്നുമാത്രം. അവസാനം ലാ ലിഗയില്‍ റയല്‍ ബെറ്റിസിനെതിരേ സാന്റിയാഗോ ബര്ണേബുവിലെ വിജയ ഗോളും പ്രതിരോധതാരത്തിൽനിന്നായിരുന്നു.
റാമോസിനെ കൂടാതെ റയലിന്റെ പോയിന്റ് നിലയില്‍ പ്രതിഫലിച്ചത് ക്രിസ്റ്റ്യാനോ റൊണാ്ള്ഡോയുടെ 19 ഗോളുകളായിരുന്നു. 10 പോയിന്റാണ് അങ്ങനെ വന്നത്. അല്‍വരോ മൊറാട്ടയുടെ എട്ട് ഗോളുകൾ. എട്ട് പോയിന്റ്. ബെന്സമയുടെയും ഗാരത് ബെയ്ലിന്റെയും ഗോളുകള്‍ റയലിനു നല്‍കിയത് മൂന്നു പോയിന്റും. അപ്പോഴാണ് ഒമ്പത് പോയിന്റ് നല്കിയ പ്രതിരോധതാരം റാമോസിന്റെ ഗോളടിയുടെ പ്രസക്തി.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ