ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വർമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ ശ്രദ്ധനേടിയ ആളാണ് ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ്. പിന്നീട് തുടർച്ചയായി രാം ഗോപാല്‍ ആരാധ്യയുടെ ഫോട്ടോകള്‍ പങ്കിട്ടതോടെ ട്രോളുകളും വിമർശനങ്ങളും ഉയർന്നു. രാം ഗോപാല്‍ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിലൂടെ ആരാധ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്.
സിനിമ കമിറ്റ് ചെയ്തശേഷം ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നതിനെക്കുറിച്ച് ആരാധ്യ പറയുന്നത് ഇങ്ങനെ: “ ഞാൻ എന്നല്ല ആർക്കാണെങ്കിലും സോഷ്യല്‍മീഡിയയില്‍ നെഗറ്റീവും പോസിറ്റീവും വരുമല്ലോ.
ഞാൻ നെഗറ്റീവ് കമന്റ്സ് കാര്യമാക്കാറില്ല. ഞാൻ മനസിലാക്കിയിരിക്കുന്നത് ആരും ലൈഫിനെ പറ്റി സീരിയസല്ല. എല്ലാവരും വെറുതെ ഇൻസ്റ്റഗ്രാമില്‍ വരുന്നു. ചുമ്മാ ഒരു നേരംപോക്കിന് കമന്റിടുന്നു. അല്ലാതെ ഇന്ന വ്യക്തിയെ എനിക്ക് ഹേർട്ട് ചെയ്യണം എന്നൊന്നും ചിന്തിക്കുന്നില്ല. ആരും ലൈഫിനെ പറ്റി സീരിയസല്ല. അവർ അവരുടെ ലൈഫുമായി മൂവ് ഓണ്‍ ചെയ്യുന്നു.
നമ്മള് അതിനെ സീരിയസായി എടുക്കുമ്പോഴാണ് പ്രോബ്ലമാകുന്നത്. ഈ കമന്റുകൾ കാണുമ്പോൾ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ച് ഞാൻ കരഞ്ഞു കരഞ്ഞിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. അതിൽനിന്ന് പുറത്തു കടക്കാൻ റാം എന്നെ സഹായിച്ചു.
ഐ ഡോണ്ട് കെയർ എന്ന ആറ്റിറ്റ്യൂഡ് വന്നത് റാമിൽ നിന്നാണ്… സാരി സിനിമയുടെ ഒരു ഷെഡ്യൂളിൽ വച്ച് ഞാനൊരു ദിവസം വല്ലാതെ സങ്കടപ്പെട്ടു. ഞാനിരുന്നു കരയുന്നത് കണ്ട് റാം ഞെട്ടിപ്പോയി. എന്ത് പറ്റിയെന്നു മനസിലാകാതെ റാം നിന്നു. കമന്റ് സെക്ഷൻ കണ്ടിട്ടാണ് ഞാൻ കരയുന്നത് എന്നറിഞ്ഞപ്പോൾ റാം മിണ്ടാതെ നിന്നു. മതിവരുവോളം കരയാൻ റാം അനുവദിച്ചു. അവസാനം എന്നോട് പറഞ്ഞു, ഇതാണ് സംഭവിക്കുന്നത്, ഇവിടെയുള്ള ഓരോ അഭിനേതാവും ഇതു കടന്നുവന്നവരാണ് എന്ന്. എന്നേക്കാൾ ഇത് അനുഭവിച്ചവരാണ് ഇവിടെയുള്ളവരിൽ അധികവും.”
സിനിമയുടെ പ്രമോഷന്റെ ഭാഗമായി സാരി ടീം കേരളത്തില്‍ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാരി ലുക്കില്‍ വൻ ഗ്ലാമറസായി ആരാധ്യ ദേവി എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, വിമർശനങ്ങളും കേട്ടിരുന്നു. ചിത്രം 28ന് തിയറ്ററുകളില്‍ എത്തും.