കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഹാഷിഷ് കടത്താൻ ശ്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവതിയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്.
ബഹ്റിനിലേക്ക് പോകാനായി വിമനത്താവളത്തിലെത്തിയ തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് ഇരുന്നൂറ്റിപ്പത്തു ഗ്രാം ഹാഷിഷുമായി നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുന്നത്.
കസ്റ്റഡി അപേക്ഷ ഇന്നുതന്നെ കോടതിയില്‍ നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു.
ഇന്നലെ രാവിലെ ഒന്‍പതിനാണ് ബഹ്റിനിലേക്ക് പോകാനായി യുവതി വിമാനത്താവളത്തില്‍ എത്തിയത്.
അന്താരാഷ്ട്ര ഡിപ്പാര്‍ച്ചര്‍ ഹാളില്‍ സാധാരണ നിലയില്‍ നടത്താറുള്ള പരിശോധനയ്ക്കിടെ സംശയം തോന്നിയ സിഐഎസ്എഫ് വിവരം പോലിസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസും സിഐഎസ്എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹാഷിഷ് ഓയിലാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പോലിസ് യുവതിയെ അറസ്റ്റ് ചെയ്തു.
ഇവര്‍ ഇത്തരത്തില്‍ മുന്‍പും മയക്കുമരുന്ന് കടത്തിയിട്ടുണ്ടോ, സമാനമായ കേസുകള്‍ ഇവര്‍ക്കെതിരെ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളപരിസരങ്ങളില്‍ പോലിസ് നടത്തിയ പരിശോധനയില്‍ വിവിധ ആളുകളില്‍ നിന്നായി നാല് കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു.