സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് 1989ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു റാംജിറാവു സ്പിക്കീംഗ്. സിനിമയിൽ വിജയരാഘവൻ ചെയ്ത റാംജിറാവു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ കരിയറിൽ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു ഈ കഥാപാത്രം.
ഇപ്പോഴിതാ റാംജിറാവുവായി വിജയരാഘവൻ വീണ്ടും വരുന്നു. റാംജി റാവു ആയി നാലാമത്തെ സിനിമയിലാണ് വിജയരാഘവൻ വരുന്നത്. ചെന്പൻ വിനോദ് ജോസും ഷൈൻ ടോം ചാക്കോയും നായക വേഷത്തിൽ എത്തുന്ന മാസ്ക്കിലാണ് വിജയരാഘവൻ റാംജി റാവു ആയി ഇനി വരുന്നത്. സുനിൽ ഹനിഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയങ്ക നായരാണ് നായിക.
മാമുക്കോയ,സലീംകുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറിൽ എഎസ് ഗിരീഷ് ലാലാണ് മാസ്ക്ക് നിർമ്മിക്കുന്നത്. സംഗീതം ഗോപിസുന്ദർ. സിദ്ദിഖ്-ലാലിന്റെ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിനു ശേഷം മാണി സി കാപ്പൻ സംവിധാനം ചെയ്ത മാന്നാർ മത്തായി സ്പീക്കിംഗിലും വിജയരാഘവൻ റാംജി റാവു ആയി എത്തി.
അഞ്ചു വർഷം മുന്പ് മമ്മാസ് സംവിധാനം ചെയ്ത മാന്നാർ മത്തായി സ്പീക്കിംഗ് 2 എന്ന സിനിമയിലൂടെ ആണ് റാംജി റാവു മൂന്നാമതും വെള്ളിത്തിരയിലേക്ക് എത്തിയത്.