കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനുവേണ്ടി ഹാജരായിരുന്ന അഭിഭാഷകൻ രാംകുമാർ വക്കാലത്ത് ഒഴിഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് രാംകുമാർ ഇക്കാര്യം അറിയിച്ചത്. നേരത്തെ, അഭിഭാഷകൻ ബി. രാമൻപിള്ള മുഖേന ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപ് രാമൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി. ഇതേതുടർന്നാണ് രാംകുമാർ വക്കാലത്തൊഴിയുന്നതെന്നാണു സൂചന.
നേരത്തെ, അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതി സിംഗിൾ ബെഞ്ചും ദിലീപിന്റെ ജാമ്യഹർജികൾ തള്ളിയിരുന്നു. ഇതോടെയാണ് ആലുവ സബ്ജയിലിൽ കഴിയുന്ന ദിലീപ് പുതിയ അഭിഭാഷകനുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ് കണ്ടെടുക്കാൻ സാധിച്ചില്ലെന്നും ദിലീപിന്റെ മാനേജരായ അപ്പുണ്ണി ഒളിവിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യഹർജി തള്ളിയത്. എന്നാൽ കഴിഞ്ഞദിവസം അപ്പുണ്ണി ചോദ്യം ചെയ്യലിനു ഹാജരായ പശ്ചാത്തലത്തിൽ വീണ്ടും ഹൈക്കോടതിയെ സമീപിച്ച അനുകൂല വിധി നേടിയേടുക്കാമെന്ന് പ്രതിഭാഗം കണക്കുകൂട്ടുന്നു.
മുഖ്യ തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ് നശിപ്പിച്ചതായി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയും അദ്ദേഹത്തിന്റെ ജൂനിയർ രാജു ജോസഫും പോലീസിനു മൊഴി നൽകിയിരുന്നു. ഇക്കാര്യവും ദിലീപന്റെ ജാമ്യഹർജിയിൽ ചൂണ്ടിക്കാണിക്കുമെന്നാണ് സൂചന.