കൽപ്പറ്റ: ആശുപത്രി വാസത്തിനും ആശങ്കകൾക്കും വിരാമമിട്ട് ദുബായിലെ ചികിത്സ കഴിഞ്ഞ് പാരന്പര്യ നെൽവിത്ത് കർഷകൻ ചെറുവയൽ രാമൻ നാട്ടിൽ തിരിച്ചെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ഇദ്ദേഹം വയനാട്ടിലെ മാനന്തവാടിക്കടുത്ത കമ്മന ചെറുവയൽ തറവാട്ടിലെത്തിയത്.
ഒക്ടോബർ അഞ്ചിന് ദുബായിൽ ഒരു കൂട്ടം കൃഷി സ്നേഹികൾ സംഘടിപ്പിച്ച വയലും വീടും പരിപാടിയിൽ പങ്കെടുക്കാനായി കഴിഞ്ഞ മൂന്നിനാണ് രാമൻ ദുബായിലേക്ക് പോയത്. പരിപാടിക്ക് തൊട്ടു മുന്‍പാണ് ഗുരുതരമായ ഹൃദയാഘാതമുണ്ടായത്. ഉടൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം പ്രവാസി മലയാളികളോടൊപ്പം രണ്ടാഴ്ച വിശ്രമിച്ചു. പലരുടെയും സഹായത്താൽ പത്ത് ലക്ഷത്തിലധികം രൂപ ചെലവിൽ ചികിത്സ നടത്തിയാണ് ഗുരുതരാവസ്ഥയിലായിരുന്ന രാമേട്ടനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്.
നാട്ടിലേക്കുള്ള മടക്കയാത്രക്ക് മുന്‍പ് വയലും വീടും പരിപാടിയിൽ പങ്കെടുത്ത് പ്രതിസന്ധിഘട്ടത്തിൽ സഹായികളായ സംഘാടകരോടും സുഹൃത്തുക്കളോടും രാമൻ നന്ദി അറിയിച്ചു. അഞ്ച് ഏക്കർ ഭൂമിയും അന്‍പതിലധികം പാരന്പര്യ നെൽവിത്തുകളും നൂറ് കണക്കിന് സുഹൃത്തുക്കളും മാത്രമാണ് ഇതുവരെയുള്ള സന്പാദ്യം.
വൈക്കോൽ കൊണ്ട് മേഞ്ഞ വർഷങ്ങൾ പഴക്കമുള്ള കൂരയാണ് രാമന്റെ ചെറുവയൽ തറവാട്. വയനാട്ടിലെ പ്രധാന പട്ടികവർഗ വിഭാഗമായ കുറിച്യ സമുദായത്തിലെ 56 തറവാടുകളിലൊന്നാണിത്. രാമനും ഭാര്യയും രണ്ട് ആണ്മക്കളും അവരുടെ ഭാര്യമാരും അവരുടെ മക്കളും അടങ്ങുന്ന കുടുംബം ഈ കൂരക്കുള്ളിലാണ് താമസം.
ഒരു മുറി അറപ്പുരയായി ഉപയോഗിച്ച് അതിനുള്ളിൽ തുന്പയെന്ന മുള കൊണ്ടുള്ള കൂടകളിലും നെൽ കതിർ കൂട്ടിക്കെട്ടി മൂടിക്കെട്ടിയുമാണ് നെൽവിത്തുകൾ സംരംക്ഷിച്ചു പോരുന്നത്. സ്വന്തം വയലിൽ അന്‍പതിലധികം നെൽവിത്തുകൾ ജൈവ രീതിയിൽ കൃഷി ചെയ്ത് പാരന്പര്യ നെൽവിത്തിനങ്ങൾ സംരക്ഷിച്ചാണ് രാമൻ പ്രശസ്തനായത്.
വിവിധ ലോകരാജ്യങ്ങളും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും സന്ദർശിച്ച് കൃഷിയുടെ മഹത്വവും പാരന്പര്യ വിത്ത് സംരംക്ഷണത്തിന്റെ പ്രാധാന്യവും ജനങ്ങളിലെത്തിച്ചു. 2014 ൽ കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് ജീനോം സേവ്യർ പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ രാമേട്ടനെ തേടിയെത്തി.
കേരള കാർഷിക സർവ്വകലാശാലയുടെ ജനറൽ കൗണ്‍സിൽ അംഗവുമാണ്. തുടർ ചികിൽത്സയും ജീവിത ചെലവുകളും സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. സഹായിക്കാൻ സർക്കാർ മനസുവക്കുമെണ് ചെറുവയൽ രാമന്റെ പ്രതീക്ഷ.