ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് തുടങ്ങി അമിതാഭ് ബച്ചന്റെ വരെ പേര് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാകാനുള്ള നിയോഗം രാം നാഥ് കോവിന്ദിനായിരുന്നു എന്നു മാത്രം.
നിലവില്‍ ബിഹാറിലെ ഗവര്‍ണറായ രാം നാഥ് കോവിന്ദ് 1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലെ പരോങ്ക് ഗ്രാമത്തിലാണ് ജനിച്ചത്. ഉത്തര്‍പ്രദേശിലെ ദളിത് സമുദായമായ കോലിയുടെ നേതാവായാണ് രാംനാഥ് കോവിന്ദ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. 1991ല്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് രാംനാഥിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1994-2000,2000-06 കാലഘട്ടങ്ങളില്‍ രണ്ടു തവണ ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയെ പ്രതിനിധീകരിക്കുകയും ചെയ്തു.
തൊഴില്‍ പരമായി ഇദ്ദേഹം ഒരു വക്കീലായ ഇദ്ദേഹം ഡല്‍ഹിയില്‍ പ്രാക്റ്റീസ് ചെയ്തിരുന്നു. 1977-79 കാലഘട്ടത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഗവണ്മെന്റ് അഡ്വക്കേറ്റായി ഇദ്ദേഹം ജോലി ചെയ്തിരുന്നു. കൂടാതെ 1980-93 കാലഘട്ടത്തില്‍ സുപ്രീംകോടതിയില്‍ കേന്ദ്ര ഗവണ്മെന്റിന്റെ കൗണ്‍സിലിലും ഇദ്ദേഹം പ്രവര്‍ത്തിച്ചു. ബിജെപി ദളിത് മോര്‍ച്ചയുടെയും അഖിലേന്ത്യാ കോലി സമാജിന്റെയും അധ്യക്ഷനായിട്ടുള്ള ഇദ്ദേഹം പാര്‍ട്ടിയുടെ ദേശീയ വക്താവിന്റെ പദവിയും നിര്‍വഹിച്ചിട്ടുണ്ട്. 2015 ഓഗസ്റ്റ് എട്ടിനാണ് ഇദ്ദേഹത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബിഹാര്‍ ഗവര്‍ണറായി നിയമിച്ചത്.