ജിജി ലൂക്കോസ്
ന്യൂഡൽഹി: കർഷക സമരത്തെ തള്ളിപ്പറഞ്ഞും വിവാദ കാർഷിക നിയമങ്ങളെ പുകഴ്ത്തിയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം. ദേശീയ പതാകയും റിപ്പബ്ലിക് ദിനവും പോലുള്ള വിശേഷ ദിവസവും കഴിഞ്ഞ ദിവസം അപമാനിക്കപ്പെട്ടതു തീർത്തും നിർഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബജറ്റ് സമ്മേളനത്തിനു തുടക്കമിട്ടു പാർലമെന്റിന്റെ ഇരുസഭകളെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. കോവിഡും ഭൂചലനങ്ങളും പ്രളയവും സാന്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള വെല്ലുവിളികളെയാണ് രാജ്യം നേരിട്ടത്.
ദുരിത കാലത്തിനിടയിൽ പോലും രാജ്യത്തെ ദരിദ്രർക്ക് ആശ്വാസമായി സർക്കാർ നിരവധി നടപടികളെടുത്തു. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ആത്മനിർഭർ ഭാരതിന്റെ ലക്ഷ്യം.
വിളകൾക്കു ന്യായവില ഉറപ്പാക്കും. കാർഷിക പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിനു മുന്പ് ഉണ്ടായിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കില്ലെന്നും പുതിയ കർഷക നിയമങ്ങൾ ഈ അവകാശങ്ങൾ ശരിവയ്ക്കുന്നതാണെന്നും രാ ഷ്ട്രപതി പറഞ്ഞു.
കർഷക ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളാണു സർക്കാർ നടപ്പാക്കിയത്. പുതിയ കർഷക നിയമങ്ങളിലൂടെ കർഷകർക്കു പുതിയ വിപണി സാധ്യതകൾ തുറന്നു നൽകും.
നിയമങ്ങൾ നടപ്പാക്കാൻ തുടങ്ങിയതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ പത്ത് കോടി ചെറുകിട കർഷകർക്ക് അതിന്റെ പ്രയോജനം ലഭിച്ചു.
എന്നിരുന്നാലും ഈ നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പരമോന്നത കോടതിയുടെ ഉത്തരവ് തന്റെ സർക്കാർ ആദരവോടെ പാലിക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
അതേസമയം, ഈ നിയമങ്ങൾക്കെതിരേ ചില തെറ്റിദ്ധാരണകളും ഉണ്ടാക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ മൂല്യങ്ങൾക്കും ഭരണഘടനയുടെ പവിത്രതയ്ക്കും ഉയർന്ന സ്ഥാനം നൽകേണ്ടതുണ്ട്.
ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടനാ പരമായി അനുവദിക്കുന്നതിനൊപ്പം നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. ജനാധിപത്യ രീതിയിലുള്ള സമാധാനപരമായ പ്രതിഷേധങ്ങളെയും ആവിഷ്കാര സ്വാതന്ത്ര്യങ്ങളെയും സർക്കാർ അതിന്റേതായ അർഥത്തിൽ കാണുകയും ചെയ്യുന്നു.
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഭവവും ദേശീയ പതാകയെ അപമാനിച്ചതും അംഗീകരിക്കാനാവില്ല. തികച്ചും ദൗർഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചു
ന്യൂഡൽഹി: കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കോണ്ഗ്രസ് അടക്കമുള്ള 19 പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ചു.
സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവക്യം മുഴക്കിയ പ്രതിപക്ഷാംഗങ്ങൾ, പാർലമെന്റ് കവാടത്തിലെത്തി പ്രതിഷേധ ധർണയും നടത്തി.
കേന്ദ്രമന്ത്രി സുരേഷ് അംഗദി, മുതിർന്ന നേതാക്കളായ ജസ്വന്ത് സിംഗ്, രാംവിലാസ് പാസ്വാൻ തുടങ്ങി 26 പേരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷം ബഹിഷ്കരണവുമായി എത്തിയത്.
ഇടതു പാർട്ടികൾ രാവിലെ വല്ലഭ്ഭായ് പട്ടേൽ ഹൗസിൽ നിന്നു മാർച്ചായാണ് പാർലമെന്റിലെത്തിയത്. കോണ്ഗ്രസ് അംഗങ്ങൾ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രത്യേക പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു.