വിജയവാഡ: റാമോജി ഫിലിം സിറ്റി സ്ഥാപകനും മാധ്യമ മേധാവിയുമായ അന്തരിച്ച സി.എച്ച്. റാമോജി റാവുവിന്റെ കുടുംബം അമരാവതി നഗരത്തിന്റെ വികസനത്തിനായി ആന്ധ്രാപ്രദേശ് സർക്കാരിന് 10 കോടി രൂപ സംഭാവന നൽകി.
വിജയവാഡയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനു കുടുംബം ചെക്ക് കൈമാറി. അമരാവതിയിൽ ഒരു റോഡിന് റാമോജി റാവു മാർഗ് എന്ന് നാമകരണം ചെയ്യുമെന്ന് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
റാമോജി റാവു ഒരു വ്യക്തിയായിരുന്നില്ല, ഒരു സ്ഥാപനമായിരുന്നു. സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
തെലുങ്ക് സമൂഹത്തിനും രാജ്യത്തിനുമുള്ള അദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് അമരാവതിയിൽ രാമോജി വിജ്ഞാന കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്ഥാപിക്കുമെന്നും അവിടെ മികച്ച പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റാവുവിന്റെ കുടുംബാംഗങ്ങളും നിരവധി മന്ത്രിമാരും തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.