ഒരാള്‍ അകത്തു പോയപ്പോള്‍ വേറൊരാള്‍ പുറത്തിറങ്ങി ; കബീറിന്റെ പിന്‍ഗാമിയെന്നു സ്വയം പ്രഖ്യാപിച്ച ആള്‍ദൈവം രാംപാല്‍ ദാസിനെ കോടതി വെറുതെ വിട്ടു

ചണ്ഡീഗഢ്: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് പീഡനക്കേസില്‍ അകത്തായപ്പോള്‍ മറ്റൊരു ആള്‍ദൈവം പുറത്തിറങ്ങി. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ രാംപാല്‍ ദാസിനെയാണ് ഹരിയാനയിലെ ഹിസാര്‍ കോടതി വെറുതെ വിട്ടത്.

കൊലക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് സദ്ഗുരു രാംപാല്‍ജി മഹാരാജ് എന്ന രാംപാല്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2006ല്‍ തന്റെ അനുയായികളെ ഉപയോഗിച്ച് ഒരു സംഘം ഗ്രാമവാസികള്‍ക്ക് നേരെ രാപാല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2014ല്‍ ഹരിയാനയിലെ ഹിസാറിലെ ആശ്രമത്തില്‍ നിന്നും രാംപാലിനെ പൊലീസ് അറസ്‌ററ് ചെയ്യുകയായിരുന്നു.

പതിനഞ്ചാം നൂറ്റാണ്ടിലെ കവിയായ കബീര്‍ ദാസിന്റെ പിന്‍ഗാമി എന്ന പേരിലാണ് രാംപാല്‍ തന്റെ ആശ്രമം സ്ഥാപിക്കുന്നത്. വധശ്രമവും ഗൂഢാലോചനയുമുള്‍പ്പെടെയുള്ള കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞിരുന്ന രാംപാലിന്റെ അറസ്റ്റ് നടപ്പിലാക്കാനെത്തിയ പൊലീസിന് നേരെ ‘സദ്ഗുരു’വിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. പൊലീസും അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ആറ് പേരാണ് അന്ന് കൊല്ലപ്പെട്ടത്. അഞ്ച് സ്ത്രീകളും ഒന്നര വയസ്സുള്ള കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ലാത്തിച്ചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു . കൊല്ലപ്പെട്ട നാല് സ്ത്രീകളുടെ ശരീരത്തില്‍ പരിക്കൊന്നും കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണം ഇപ്പോഴും നടക്കുകയാണ്.

 

Related posts