അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ. ഫിറോസാബാദ് സ്വദേശിയായ ഫർസാന ജില്ലാ വനിതാ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്ന ബാനുവാണ് ‘റാം റഹീം’ എന്നു പേരിട്ടത്. ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ സന്ദേശം നൽകുന്നതിനു വേണ്ടിയാണ് തന്റെ പേരക്കുട്ടിക്ക് ഇത്തരത്തിലൊരു പേരിട്ടതെന്ന് ഹുസ്ന ബാനു പറഞ്ഞു.
കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടർ നവീൻ ജെയിൻ അറിയിച്ചു.
കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയൽ മെഡിക്കൽ കോളജിലും സമാന വാർത്തയാണ് നടന്നത്. തിങ്കളാഴ്ച ജനിച്ച 25 നവജാത ശിശുക്കളിൽ പലർക്കും രാമന്റേയും സീതയുടേയും പര്യായ പദങ്ങളാണ് മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് നൽകിയതെന്ന് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സീമ ദ്വിവേദി പറഞ്ഞു. 25 ശിശുക്കളിൽ 10 പേർ പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമാണ്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമ്പോൾ സിസേറിയൻ ചെയ്യണമെന്ന് നിരവധി ഗർഭിണികൾ അഭ്യർഥിച്ചതായും ദ്വിവേദി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ വിവിധ ആശുപത്രികളിൽ ജനിച്ച മിക്ക കുട്ടികൾക്കും അവരുടെ മാതാപിതാക്കൾ ശ്രീരാമന്റേയോ സീതാദേവിയുടെയോ പേരുകളാണ് നൽകിയിരിക്കുന്നത്.