കൊട്ടാരക്കര: ജുമാ മസ്ജിദിലെ നോമ്പ് കഞ്ഞി മത സൗഹാർദത്തിന്റെ പ്രതീകം കൂടിയാവുകയാണ്. മതമൈത്രി നിഴലിക്കുന്ന ഇടം. പരിശുദ്ധ റംസാൻ മാസത്തിൽ കൊട്ടാരക്കര ജുമാ സ്ജിദിലുണ്ടാക്കുന്ന നോമ്പ് കഞ്ഞിയുടെ രുചി നുകരുവാനായി നാനാ ജാതി മതസ്ഥരിൽ പെട്ടവരാണ് പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്.
വൈകുന്നേരം നാലു മുതൽ കഞ്ഞി വാങ്ങാൻ സമീപദേശങ്ങളിൽ നിന്നും ആബാലവൃദ്ധം ജനങ്ങളും പള്ളിയിലെത്തും. ഇ വിടെ എത്താൻ കഴിയാത്തവർക്ക് മുസ്ലിം സഹോദരങ്ങൾ തന്നെ നോമ്പ് കഞ്ഞി അവരുടെ വീട്ടിലെത്തിച്ചു കൊടുക്കുന്നു. റംസാൻ ആരംഭിച്ച അന്നു മുതൽ നോമ്പ് കഞ്ഞി ഇവിടെ വിതരണം ചെയ്യുന്നുണ്ട്.
ഏകദേശം 800 പേർ ദിനംപ്രതി കൊട്ടാരക്കര ജുമാമസ്ജിദിലെ നോമ്പ് കഞ്ഞിയുടെ രുചിയറിയാനെത്തുന്നു. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഏലക്കാ, ഗ്രാമ്പു, കറുക പെട്ട, നെയ്യ്, ജീരകം തുടങ്ങി ഒട്ടനവധി ഔഷധ ഗുണങ്ങൾ നിറഞ്ഞ ചേരുവകകൾ ചേർന്ന കഞ്ഞി കുടിക്കുമ്പോൾ തന്നെ ശരീരത്തിനും മനസിനും ഉണ്ടാകുന്ന തൃപ്തി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
80 കിലോ അരിയുടെ കഞ്ഞിയാണ് വെയ്ക്കുക. 80 തേങ്ങയും ഇതിനായി ചേർക്കുന്നു. ഒരു ദിവസത്തെ കഞ്ഞി വെപ്പിന്റെ ചിലവ് മുപ്പതിനായിരത്തോളം രൂപ വരുമെങ്കിലും ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന റംസാൻ മാസത്തിൽ കഞ്ഞി വച്ച് നൽകുവാനുള്ള ഒരവസരത്തിനായി ജമാഅത്തംഗങ്ങൾ കാത്തുനിൽക്കുന്ന കാഴ്ചയാണുള്ളത്.
ഈ റംസാനിൽ അവസരം ലഭിക്കാത്തവർ അടുത്ത റംസാനിലേക്ക് പറഞ്ഞു വയ്ക്കുന്നു. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ നോമ്പ് തുറക്ക് ശേഷം വിശ്വാസികൾ എല്ലാവരും ചേർന്ന് പള്ളിമുറ്റത്തിരുന്നുള്ള കഞ്ഞികുടിയും പരസ്പരം സ്നേഹം പങ്കിട്ടുള്ള മടക്കയാത്രയും കാഴ്ചയിൽ പ്രത്യേക അനുഭൂതിയാണുളവാക്കുന്നത്. കൊട്ടാരക്കര ജമാഅത്തിന്റെ കീഴിലുള്ള ഒമ്പത് ചെറിയ പള്ളികളിലും ഇത്തരത്തിൽ നോമ്പ് കഞ്ഞി വിശ്വാസികൾക്കായി തയാറായിരിക്കും.